കൊച്ചി/ തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അർബുദചികിത്സയിൽ. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡാണ് തൊടുപുഴയിലെ വിജിലൻസ് കോടതിയിൽ മുൻമന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. ഇബ്രാഹിംകുഞ്ഞിനെ ഉടൻ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ഈ മാസം 19-ാം തീയതി ലേക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഇനി ഡിസംബർ മൂന്നിന് വീണ്ടും കീമോ ചെയ്യണം. 33 തവണ ലേക് ഷോറിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇബ്രാഹിംകുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി ചികിത്സിക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഉടൻ വിജിലൻസ് കസ്റ്റഡിയിലേക്ക് ഇബ്രാഹിംകുഞ്ഞിനെ വിടാനാകില്ലെന്ന് തൊടുപുഴ വിജിലൻസ് കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിലാക്കാനുള്ള ആരോഗ്യസ്ഥിതി വി കെ ഇബ്രാഹിംകുഞ്ഞിനില്ല. ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് അഭിപ്രായം പരിഗണിച്ച ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
ആരോഗ്യസ്ഥിതി അടക്കം ചൂണ്ടിക്കാട്ടി, ഇബ്രാഹിംകുഞ്ഞ് കേസിൽ ജാമ്യം തേടി നൽകിയ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി. അതിന് മുമ്പ് ആശുപത്രി മാറ്റുന്നതിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകണമെന്നും, കോടതി നിർദേശിച്ചിട്ടുണ്ട്.
മെഡിക്കൽ ബോർഡിന്‍റെ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ്. ജനറൽ ആശുപത്രിയിലെ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടർമാരാണ് പാനലിലുള്ളത്. ഇവർ ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോർ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam