'മാധ്യമങ്ങളോട് സംസാരിക്കരുത്'; രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്

By Web TeamFirst Published Nov 24, 2020, 11:58 AM IST
Highlights

അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥു മുന്നിൽ ഹാജരായി ഒപ്പിടാനും രഹ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ മാധ്യമങ്ങളിൽ കൂടി അഭിപ്രായം പറയുന്നത് ഹൈക്കോടതി വിലക്കി. 2018 ൽ സമൂഹമാധ്യമങ്ങൾ വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസിൽ തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നു കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. 

കേസിൻറെ വിചാരണ തീരുന്നതു വരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാൾ വഴിയോ അഭിപ്രായങ്ങൾ ദൃശ്യമാധ്യമങ്ങൾ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് രഹ്നയോട് കോടതി നിർദേശിച്ചു. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥു മുന്നിൽ ഹാജരായി ഒപ്പിടാനും രഹ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഓരോ ദിവസവും ഹാജരാകണം. ഗോമാത ഉലർത്ത് എന്ന പേരിൽ സമൂഹ മാധ്യമത്തിൽ കുക്കറി വീഡിയോ പോസ്റ്റു ചെയ്തത് മത സ്പർദ്ധയുണ്ടാക്കാനാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആവശ്യമെങ്കിൽ ഈ വീഡിയോ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

click me!