
കൊച്ചി: കൊച്ചിയിലെ വിമുക്ത ഭടന്മാരുടെ സഹകരണ സംഘത്തിൽ ഗുരുതര സാമ്പത്തിക ക്രമക്കേടും തട്ടിപ്പുമെന്ന് പരാതി. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിരവധി കുടുംബങ്ങൾ രംഗത്തെത്തി. ലോണിന് ഈടായി നൽകിയ രേഖ ഉടമസ്ഥർ അറിയാതെ മറ്റ് ബാങ്കിൽ പണയപ്പെടുത്തി സൊസൈറ്റി അധികൃതർ വൻ തുക തട്ടിയതായും പരാതികൾ ഉയർന്നിട്ടുണ്ട്. തട്ടിപ്പ് പുറത്ത് വന്നതോടെ കൊച്ചിയിലെ ഓഫീസ് പൂട്ടി മുങ്ങിയിരിക്കുകയാണ് സൊസൈറ്റി അധികൃതർ.
കൊച്ചി കുമ്പളങ്ങി സ്വദേശി പൊന്നപ്പൻ 2014ൽ തന്‍റെ 5 സെന്‍റ് ഭൂമി പണയപ്പെടുത്തി കേരള സ്റ്റേറ്റ് ഡിഫൻസ് സർവ്വീസ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിൽ നിന്ന് 5 ലക്ഷം രൂപ ലോണെടുത്തു. 2019 സെപ്റ്റംബറിൽ പലിശ ഉൾപ്പടെ അടച്ച് തീർത്തത് എട്ട് ലക്ഷത്തി എൺപത്തി ഒമ്പതിനായിരം രൂപ. രണ്ട് വർഷമാകുമ്പോഴും സൊസൈറ്റി ആധാരം തിരികെ നൽകുന്നില്ല.
വീടുമസ്ഥന്‍റെ അന്വേഷണത്തിൽ തന്‍റെ ആധാരം എറണാകുളം ജില്ല സഹകരണ ബാങ്കിൽ പണയപ്പെടുത്തിയതായി കണ്ടെത്തി. സൊസൈറ്റി സെക്രട്ടറിയുടെ പേരിലാണ് ലക്ഷങ്ങളുടെ വായ്പക്ക് ഉടമസ്ഥൻ പോലും അറിയാതെ ആധാരം പണയപ്പെടുത്തിയത്.
പരാതികൾ ഉയർന്നതോടെ ഭരണസമിതി അംഗങ്ങളും കൈമലർത്തുകയാണ്. സഹകരണ സംഘം ഓഫീസ് സെക്രട്ടറിയായ ആലുവ സ്വദേശി വിജയകുമാരിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇങ്ങനെ നിരവധി കുടുംബങ്ങൾ പരാതിപ്പെടുന്നു. വായ്പ എടുത്തവർ മാത്രമല്ല പണം നിക്ഷേപിച്ചവരും വഞ്ചിക്കപ്പെട്ടു.
26 വർഷം രാജ്യത്തെ സേവിച്ച സൈനികനാണ് എറണാകുളം സ്വദേശി സുരേന്ദ്രൻ. മൂന്ന് വർഷം മുമ്പ് പെൻഷൻ തുകയായി കിട്ടിയ നാലര ലക്ഷം രൂപ ഈ സൊസൈറ്റിയിൽ നിക്ഷേപിച്ചു. ഇപ്പോൾ ഓഫീസിൽ ഉണ്ടായിരുന്ന ആരും ഫോണിൽ പോലും മറുപടി നൽകുന്നില്ല.
സൈനികർക്ക് പുറമെ കൊച്ചിയിലെ നിരവധി വ്യാപാരികളിൽ നിന്നും ഇവർ നിക്ഷേപവും കൈപ്പറ്റിയിട്ടുണ്ട്. സംഭവം സഹകരണ രജിസ്ട്രാറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നാണ് താലൂക്ക് അസിസ്റ്റൻഡ് രജിസ്ട്രാറുടെ പ്രതികരണം. ആധാരം ഉടമസ്ഥർ അറിയാതെ പണയപ്പെടുത്തിയ കാര്യം ഈ ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam