
കൊച്ചി: സി എം ആർ എൽ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികൾ ഉണ്ടാകില്ല. ഈ വെള്ളിയാഴ്ച പിണറായിക്ക് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ടെങ്കിലും ഭാവി നടപടികൾ ആലോചിച്ചായിരിക്കും കൈക്കൊള്ളുക. ഇ ഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേർന്നാകും തുടർ നടപടികൾ ആലോചിക്കുക. ഹൈക്കോടതിയിൽ ഇ ഡി നടപടികൾ ചോദ്യം ചെയ്തുള്ള പിണറായിയുടെ അപ്പീൽ നിലനിൽക്കുന്നതിനാലാണ് തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന ആലോചനയിലേക്ക് അന്വേഷണ സംഘം എത്തിയത്. പക്ഷേ പിണറായിക്ക് കഴിഞ്ഞ ദിവസം നൽകി സമൻസ് നിലനിൽക്കുമെന്ന് ഇ ഡി വ്യക്തമാക്കി. ഹാജരായില്ലെങ്കിൽ നിയമോപദേശം തേടാനാണ് തീരുമാനം. എങ്കിലും അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും. വിജിലൻസ് കേസിലെ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് ഇ ഡിക്ക് തിരിച്ചടിയല്ലെന്നാണ് അനുമാനം. ഇ ഡിയുടെ കേസിലെ അന്വേഷണത്തിന് തടസമില്ലെങ്കിലും, വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ തത്കാലത്തേക്ക് തുടർനീക്കങ്ങൾ ഉണ്ടാകില്ല.
അതേസമയം സി എം ആർ എൽ - എക്സാലോജിക് ഇടപാടിലെ വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാൻ നിർദേശിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവർ അടങ്ങിയ ബഞ്ചാണ് നവരാത്രി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam