
തിരുവനന്തപുരം: സി എം ആർ എൽ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ പ്രതികരണവുമായി സി പി എം രംഗത്തെത്തി. ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കുന്ന അത്യന്തം ആവേശകരമായ വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ലാക്കോടെ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ച കേസാണിതെന്ന് പാർട്ടി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. എഫ് ഐ ആറുമായി മുന്നോട്ട് പോയതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തിടുക്കത്തെ അദ്ദേഹം വിമർശിച്ചു. കേസിൽ സർക്കാർ അപ്പീൽ പോകേണ്ടതായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, സി പി എം ഉന്നയിച്ച ഓരോ വാദങ്ങളും അംഗീകരിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും കൂട്ടിച്ചേർത്തു. ഇനി ഇ ഡിക്ക് മുന്നിൽ പിണറായി ഹാജരാകേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ഇ ഡി - വി ഡി കൂട്ടുകെട്ടിനുള്ള കനത്ത പ്രഹരമാണ് ഈ വിധിയെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവും പ്രതികരിച്ചു. ഹൈക്കോടതിയിൽ തങ്ങൾ ഉന്നയിച്ച ന്യായമായ കാര്യങ്ങളെല്ലാം സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. കേസ് ലഭിച്ചയുടൻ തന്നെ എഫ് ഐ ആറുമായി മുന്നോട്ടുപോകാൻ സർക്കാർ കാട്ടിയ തിടുക്കം അവർ ഇച്ഛിച്ച ഫലം നേടിയെടുക്കാനായിരുന്നുവെന്നും, സർക്കാരിന്റെ ഈ നിലപാട് ദേശീയതലത്തിലെ കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
അതേസമയം സി എം ആർ എൽ - എക്സാലോജിക് ഇടപാടിലെ വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാൻ നിർദേശിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവർ അടങ്ങിയ ബഞ്ചാണ് നവരാത്രി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam