ബെവ്കോ ഔട്ട്ലെറ്റുകളിൽ ആൾകൂട്ടം തടയാൻ എക്സൈസ് - പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും

By Web TeamFirst Published Jul 9, 2021, 7:00 PM IST
Highlights

എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചതിനെത്തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകിയിരുന്നു. 

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ ആൾകൂട്ടം തടയാൻ എക്സൈസ് - പൊലീസുദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചതിനെത്തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകിയിരുന്നു. ആൾക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ ബെവ്കോ പറഞ്ഞിരുന്നു. 

ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്മെന്‍റ് നടത്തണം. ടോക്കൺ സമ്പ്രദായം നടപ്പാക്കണം. പോലീസിന്‍റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. നിയന്ത്രിക്കാൻ പൊലീസ് സഹായം ഉറപ്പ് വരുത്താം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആൾക്കൂട്ടം നിയന്ത്രിക്കാൻ ബെവ്കോ മുന്നോട്ട് വച്ചത്. 

കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു.

മദ്യക്കടകളിലെ ആള്‍ക്കൂട്ടത്തിൽ  സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!