കൊച്ചിയില്‍ വ്യാജ വിദേശ സിഗരറ്റ് വേട്ട; പിടികൂടിയത് അൻപതിനായിരത്തിലധികം പാക്കറ്റ് വ്യാജ സിഗരറ്റ്

By Web TeamFirst Published Jan 23, 2020, 5:14 PM IST
Highlights

തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ മറൈൻ ഡ്രൈവിന് സമീപത്തെ ഒരു കടയിൽ നിന്നും വ്യാജ വിദേശ സിഗരറ്റ് പിടികൂടി. 

കൊച്ചി: കൊച്ചി നഗരത്തിൽ വൻ വ്യജ വിദേശ സിഗരറ്റ് വേട്ട. അനധികൃതമായി സൂക്ഷിച്ചിരുന്ന അൻപതിനായിരത്തിലധികം പാക്കറ്റ് വ്യാജ സിഗരറ്റ് എക്സൈസ് സംഘം പിടികൂടി. കൊച്ചി നഗരത്തിൽ വിദേശ സാധനങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജ സിഗരറ്റ് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ മറൈൻ ഡ്രൈവിന് സമീപത്തെ ഒരു കടയിൽ നിന്നും വ്യാജ വിദേശ സിഗരറ്റ് പിടികൂടി. 

കടയുടമയെ ചോദ്യം ചെയ്തപ്പോൾ തേവര ജംഗ്ഷനിലുള്ള മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നാണ് സിഗരറ്റ് ലഭിക്കുന്നതെന്ന് മൊഴി നൽകി. തുടർന്ന് എക്സൈസ് സംഘം തേവര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂ ബോംബെ  ബോംബെ സ്റ്റോർ എന്ന കടയിൽ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സിഗരറ്റിന്‍റെ വൻ ശേഖരം കണ്ടെത്തിയത്. 

കോഴിക്കോട് സ്വദേശി അയൂബിന്‍റേതാണ് കട. തുടർന്ന് ഇവരുടെ ഗോഡൗണിലും വീടുകളിലും നടത്തിയ റെയ്‍ഡില്‍ സിഗരറ്റിന് പുറമെ സിഗരറ്റ് പേപ്പർ, ഹുക്കയിലു മറ്റും ഉപയോഗിക്കുന്ന വിവിധ തരം പുകയില, പുകയിലയിൽ ചേർക്കുന്നതിനുള്ള സുഗന്ധ ദ്രവ്യങ്ങൾ എന്നിവ പിടികൂടി. സാധാരണ സിഗരറ്റിനെക്കാൾ നിക്കോട്ടിന്‍റെ അളവ് വ്യാജ സിഗരറ്റുകളിൽ കൂടുതലാണ്. കടയുടമയിൽ നിന്ന് പിഴ ഈടാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. 

click me!