കൊറോണ വൈറസ് ബാധ ഗൗരവത്തോടെ കാണണം; വിദേശകാര്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

By Web TeamFirst Published Jan 23, 2020, 4:06 PM IST
Highlights

അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കാണണം. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട്, രോഗബാധയുള്ളവര്‍ക്ക് വിദഗ്‍ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തിലുണ്ട്.
 

തിരുവനന്തപുരം: സൗദി അറേബ്യയില്‍ മലയാളി നഴ്‍സിന് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കാണണം. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട്, രോഗബാധയുള്ളവര്‍ക്ക് വിദഗ്‍ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തിലുണ്ട്.

അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്‍സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഫിലീപ്പീന്‍ സ്വദേശിനിയായ നഴ്‍സിനും വൈറസ് ബാധ സ്ഥിരീകരിച്ചു. 

Read Also: സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ

ഈ പശ്ചാത്തലത്തില്‍ സൗദിയില്‍ 30 മലയാളി നഴ്‍സുമാര്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധിതയായ ഒരു യുവതിയെ പരിചരിച്ച നഴ്‍സുമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കുന്നത്.

Read Also: കൊറോണ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ

ചൈനയിലും അമേരിക്കയിലും കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകമായി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. രോഗബാധ പ്രതിരോധിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

click me!