പ്രതികളില്ലാതെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് പ്രത്യേകം അന്വേഷിക്കാന്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച്

By Web TeamFirst Published Aug 29, 2021, 7:33 AM IST
Highlights

പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും വേണ്ടിയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒരേ കേസ് രണ്ടാക്കി മുറിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരും. 

കൊച്ചി: കാക്കനാട്ടെ റെയ്ഡുമായി ബന്ധപ്പെട്ട്, പ്രതികളില്ലാതെ ഒരു കിലോ മയക്കുമരുന്ന് പിടിച്ചെന്ന് കാട്ടി രജിസറ്റര് ചെയ്ത കേസ് പ്രത്യേകം അന്വേഷിക്കാന്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും വേണ്ടിയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒരേ കേസ് രണ്ടാക്കി മുറിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരും. 

കഴിഞ്ഞ ബുധനാഴ്ചയാണ് കാക്കാനാടിന് സമീപം വാഴക്കാലയിലെ ഫ്‌ലാറ്റില്‍ വിവിധ ഏജന്‍സികള്‍ സംയുക്തമായി പരിശോധന നടത്തുന്നത്. 6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 7 പേരെ കസ്റ്റഡിയിലെടുത്തു. അന്വേഷണം ഏല്‍പ്പിച്ച എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് പേരെ ഒഴിവാക്കി. ബാക്കി പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പിറ്റേദിവസം വീണ്ടും ഫ്‌ലാറ്റിലെത്തി.

കാര്‍പോര്‍ച്ചില്‍ ഒളിപ്പിച്ച ഒരു കിലോ എംഡിഎംഎ കൂടി കണ്ടെടുത്തു. പോണ്ടിച്ചേരിയില്‍ നിന്ന് ഒരുമിച്ചാണ് മയക്കുമരുന്ന് കൊണ്ടു വന്നതെങ്കിലും ഒരു കിലോ പിടിച്ചത് പ്രത്യേകം കേസാക്കുകയായിരുന്നു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണെന്നും പ്രതികള്‍ ഇല്ലെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിന്റെ ഗുഢാലോചന പുറത്ത് കൊണ്ടു വരുകയാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. ഈ കേസ് പ്രത്യേകമായി തന്നെ അന്വേഷിക്കും. ഗുഢാലോചന അടക്കം അന്വേഷണ പരിധിയില്‍ വരും.

നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും പ്രത്യേകം കുറ്റപത്രം നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഒരേ കുറ്റകൃത്യത്തിന്റെ ഭാഗമായതിനാല്‍ രണ്ടു കുറ്റപത്രം നിലില്‍ക്കുമോ എന്ന് സംശയമുണ്ട്. പോണ്ടിച്ചേരിയില്‍ എംഡിഎംഎ നല്‍കിയ വ്യക്തികളെകുറിച്ച് പ്രതികള്‍ എക്‌സൈസിന് വിവരം നല്‍കിയിട്ടുണ്ട്. പ്രതികളുമായി താമസിയാതെ ചെന്നൈയിലും പോണ്ടിച്ചേരിയിലും തെളിവെടുപ്പിന് പോകും. ആ ഘട്ടത്തില്‍ മയക്കുമരുന്ന കൈമാറിയവര്‍ക്കെതിരെയും നടപടിയുണ്ടാകും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

 

click me!