ദന്തചികിത്സാ രംഗത്തെ എത്തിക്സ് വിരുദ്ധമായ പരസ്യങ്ങൾക്കെതിരെ കേരള ഡെന്‍റൽ കൗൺസിൽ കർശന നടപടി സ്വീകരിക്കുന്നു. 'കമ്പിയുടെ കാലം കഴിഞ്ഞു' പോലുള്ള പരസ്യങ്ങൾ അശാസ്ത്രീയമാണെന്നും നിയമം ലംഘിക്കുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി. 

കമ്പിയുടെ കാലം കഴിഞ്ഞു... കമ്പിയിട്ട് വിഷമിക്കണോ... സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന പരസ്യങ്ങളാണ് ഇതെല്ലാം. പല്ലിൽ കമ്പി ഇടുന്നതിനെ കുറിച്ചാണ് ഈ പരസ്യങ്ങളിൽ എല്ലാം പറയുന്നത്. പല്ലിൽ കമ്പി ഇടുന്നത് ഒഴിവാക്കാമെന്നും ഇൻവിസിബിൾ അലൈനേഴ്സിലേക്ക് മാറൂ എന്നുമാണ് ഈ പരസ്യത്തിന്‍റെ അര്‍ത്ഥം. ഇപ്പോൾ ഇത്തരം പരസ്യങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരള ഡെന്‍റൽ കൗൺസിൽ. ദന്തചികിത്സാ രംഗത്ത് വർദ്ധിച്ചുവരുന്ന എത്തിക്സ് വിരുദ്ധമായ പരസ്യങ്ങൾക്കും തെറ്റായ ചികിത്സാ അവകാശവാദങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള ഡെന്‍റൽ കൗൺസിൽ വ്യക്തമാക്കുന്നു. ഡെന്‍റിസ്റ്റുമാരും ഡെന്‍റൽ ക്ലിനിക്ക് ഉടമകളും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ നടത്തുന്ന നിയമവിരുദ്ധമായ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കൗൺസിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

പരസ്യങ്ങൾക്ക് വിലക്ക് ലംഘിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കും

2014ലെ ഡെന്‍റിസ്റ്റ് (കോഡ് ഓഫ് എത്തിക്സ്) റെഗുലേഷൻ പ്രകാരം ദന്ത ഡോക്ടർമാർ മാധ്യമങ്ങളിലൂടെ പരസ്യം നൽകുന്നത് എത്തിക്സിന് വിരുദ്ധമാണ്. ഇത് ലംഘിക്കുന്നവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവിടെ ജോലി ചെയ്യുന്ന രജിസ്റ്റേർഡ് ഡോക്ടർമാരും തുല്യ ഉത്തരവാദികളായിരിക്കും. അതിനാൽ ജോലി ചെയ്യുന്ന സ്ഥാപനം എത്തിക്സ് പാലിക്കുന്നുണ്ടെന്ന് ഓരോ ഡോക്ടറും ഉറപ്പുവരുത്തേണ്ടതാണ്.

'അലൈനർ' പരസ്യങ്ങളിലെ ചതിക്കുഴികൾ

പല്ലുകൾ നിരയാക്കുന്നതിനുള്ള അലൈനർ ചികിത്സയുമായി ബന്ധപ്പെട്ട് 'കമ്പിയുടെ കാലം കഴിഞ്ഞു' എന്ന രീതിയിലുള്ള പ്രചരണങ്ങൾ അശാസ്ത്രീയമാണെന്ന് കൗൺസിൽ വ്യക്തമാക്കി. അലൈനർ ചികിത്സ ബ്രേസസ് ഇടുന്നതുപോലെയുള്ള വിവിധ ഓർത്തോഡോണ്ടിക് രീതികളിൽ ഒന്ന് മാത്രമാണ്. ഇതൊരു ബദൽ സംവിധാനമാണെന്ന തരത്തിൽ ജനങ്ങളിൽ ഭീതിയും തെറ്റിദ്ധാരണയും പരത്തുന്ന ക്ലിനിക്കുകൾക്കെതിരെ നിലവിൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കൗൺസിൽ വ്യക്തമാക്കി.

ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ യോഗ്യതയുള്ളവർക്ക് മാത്രം

കോസ്മെറ്റിക് ചികിത്സകൾ, ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഡെന്‍റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ 2022-ലെ മാർഗ്ഗരേഖകൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിരുദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ മതിയായ സൗകര്യങ്ങളോടെ ഇത്തരം ചികിത്സകൾ നടത്താൻ അനുമതിയുള്ളൂ. മറ്റു ദന്ത ഡോക്ടർമാർ ഈ ചികിത്സകൾ പ്രാക്ടീസ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. പൊതുജനാരോഗ്യവും ദന്തചികിത്സാ രംഗത്തിന്‍റെ അന്തസ്സും കാത്തുസൂക്ഷിക്കാൻ എല്ലാ ഡോക്ടർമാരും സഹകരിക്കണമെന്ന് കേരള ഡെന്‍റൽ കൗൺസിൽ അറിയിച്ചു.

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് പല തരത്തിലുള്ള ചികിത്സാ രീതികളെ കുറിച്ച് അവബോധം നൽകുന്നത് നല്ല കാര്യമാണെന്ന് കണ്ണൂരിൽ ഡെന്‍റിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോ. ജുഹിന ജനാര്‍ദ്ദനൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. പക്ഷേ അത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും എത്തിക്സ് വിരുദ്ധമായതും ആകരുത്. എല്ലാ ചികിത്സാ രീതികൾക്കും അതിന്‍റേതായ പ്രാധാന്യം ഉണ്ടെന്നും ഒരു തരത്തിലും അതിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതികളിൽ പ്രചാരണം നടത്തരുതെന്നും ഡോ. ജുഹിന കൂട്ടിച്ചേർത്തു.