
തിരുവനന്തപുരം: രാസപരിശോധനയില്‍ ജവാന്‍ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വില്‍പ്പന മരവിപ്പിക്കാന്‍ കേരള എക്സൈസ് വകുപ്പ് ഉത്തരവിറക്കി. ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് നിര്‍ദേശം.
രാസപരിശോധനയില്‍ ജവാന്‍ മദ്യത്തില്‍ സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ് എക്സൈസ് നടപടി. സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചത്.
ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് എക്സൈസ് കമ്മിഷ്ണര്‍ അറിയിപ്പ് നല്‍കി. നേരത്തെ നിയമവിധേയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിറ്റ കോഴിക്കോട്ടെ ബാർ എക്സൈസ് സംഘം അടച്ചുപൂട്ടിയിരുന്നു. ഏഷ്യനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ബാറിന്‍റെ ലൈസൻസും എക്സൈസ് കമ്മീഷണർ സസ്പെൻഡ്ചെയ്തു.
അനുവദനീയമായതിന്റെ 50 ശതമാനം അധികം ആള്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ് കോഴിക്കോട് മുക്കത്തെ മലയോരം ഗേറ്റ് വേ ബാര്‍ വിറ്റത്. എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മദ്യത്തില്‍ ഉയര്‍ന്ന അളവില്‍ ആള്‍ക്കഹോള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് മൂന്ന് മാസം മുൻപ് കിട്ടിയിട്ടും കേസെടുത്തതല്ലാതെ ബാറിന്‍റെ ലൈസന്‍സ് സസ്പെന്റ് ചെയ്യുകയോ പൂട്ടുകയോ ചെയ്തിരുന്നില്ല.
കേസ് മാത്രം രജിസ്റ്റര്‍ ചെയ്ത് എക്സൈസ് സംഘം ബാറിന് വേണ്ടി ഒത്തുകളി നടത്തുകയായിരുന്നു. ഈ സംഭവം ഇന്നലെ ഏഷ്യാനെറ്റ്ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഉച്ചയോടെ ബാറിലെത്തിയ എക്സൈസ് സംഘം സ്റ്റോക്ക് എടുത്ത ശേഷം ബാറടച്ച് സീല്‍ ചെയ്ത് ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 29 നാണ് ഈ ബാറില്‍ നിന്നും വാങ്ങിയ ജവാന്‍ റം കഴിച്ച് കുറേയേറെപ്പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്നുള്ള പരാതിയില്‍ ദുര്‍ബല വകുപ്പ് മാത്രം ചേര്‍ത്തായിരുന്നു ആദ്യം എക്സൈസ് കേസെടുത്തിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam