എക്സിറ്റ് പോൾ ഫലങ്ങൾ: ആവേശത്തിലായി യു ഡി എഫ് ക്യാമ്പ്; ഭരണത്തുടർച്ച പ്രവചിക്കാത്തതിൽ ഇടതുപക്ഷത്തിന് ആശങ്ക

Published : Apr 30, 2026, 05:32 AM ISTUpdated : Apr 30, 2026, 01:06 PM IST
ldf udf bjp

Synopsis

സൈബറിടങ്ങളിൽ എക്സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷം. ഒരു സർവേയിലും ഭരണത്തുടർച്ച പ്രവചിക്കാത്തത് ഇടതുപക്ഷത്തിന് ആശങ്ക കൂട്ടുന്നു.

തിരുവനന്തപുരം: കേരളം യു ഡി എഫിനൊപ്പമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ആവേശത്തിലായി യു ഡി എഫ് ക്യാമ്പ്. സൈബറിടങ്ങളിൽ എക്സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷം. ഒരു സർവേയിലും ഭരണത്തുടർച്ച പ്രവചിക്കാത്തത് ഇടതുപക്ഷത്തിന് ആശങ്ക കൂട്ടുന്നു. എന്നാൽ ഒന്നിലധികം സീറ്റുകൾ നേടുമെന്ന പ്രതീക്ഷയിലാണ് ബി ജെ പിയും. യുഡിഎഫ് 90 സീറ്റ് വരെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. 9 ഏജൻസികളുടെ എക്സിറ്റ്പോൾ ഫലങ്ങളാണ് വന്നിട്ടുള്ളത്. ടൈംസ് നൗ ജെവിസി, പി മാർക്, പീപ്പിൾസ് പൾസ്, വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിൾ ഇൻസൈറ്റ്, ജേർണോ മിറർ, മാട്രിസ് എന്നീ ഏജൻസികളുടെ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്. അതേസമയം ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക്. ബംഗാൾ ബി ജെ പി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം.

യു ഡി എഫ് തരംഗം പ്രവചിക്കപ്പെടാത്ത സർവെ ഫലങ്ങൾ എൽ ഡി എഫിന് ആത്മവിശ്വാസം നൽകുമ്പോൾ ബി ജെ പിക്കും പ്രതീക്ഷയേകുന്നതാണ്. ഇന്നലെ പുറത്തുവന്ന 9 സർവെ ഫലങ്ങളിലും ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണി അക്കൗണ്ട് തുറക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ചില സർവെകൾ 0 മുതൽ 3 വരെയുള്ള സീറ്റുകളാണ് പ്രവചിക്കുന്നതെങ്കിൽ, പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം ഞെട്ടിക്കുന്നതാണ്. കേരളത്തിൽ എൻ ഡി എ 14 സീറ്റുകൾ വരെ നേടാമെന്നാണ് പീപ്പിൾ ഇന്‍സൈറ്റിന്‍റെ പക്ഷം. 10 സീറ്റുകൾ ചുരുങ്ങിയ പക്ഷം കിട്ടുമെന്നാണ് ഈ സർവെ പറയുന്നത്. ടൈംസ് നൗ ജെ വി സി സർവെയാകട്ടെ 3 മുതൽ 7 സീറ്റുകൾ വരെ എൻ ഡി എക്ക് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

9 സർവെ ഫലങ്ങൾ പുറത്തുവന്നതിൽ ഒരു സർവേയിൽ പോലും യു ഡി എഫിന് വലിയ തരംഗം പ്രവചിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. മിക്ക സർവെകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യു ഡി എഫിന് നേരിയ മേൽക്കൈ മാത്രമാണ് നൽകിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. 9 സർവെകളും എൽ ഡി എഫ് 60 സീറ്റിന് മുകളിൽ നേടാമെന്ന സാധ്യതയും പങ്കുവച്ചിട്ടുണ്ട്. എൽ ഡി എഫ് 52-61 സീറ്റുകൾ വരെ നേടാമെന്നാണ് ടൈംസ് നൗ ജെവിസിയുടെ പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളിൽ എൽ ഡി എഫ് 49-62 സീറ്റുകൾ വരെ നേടിയേക്കാം. എൽ ഡി എഫ് 60-65 സീറ്റുകൾ വരെ നേടുമെന്നാണ് മാട്രിസിന്‍റെ പ്രവചനം. എൽ ഡി എഫിന് 58-68 സീറ്റുകളാണ് വോട്ട് വൈബിന്റെ സർവേ ഫലം നൽകിയിട്ടുള്ളത്. എൽ ഡി എഫ് 55-65 സീറ്റുകളാണ് പീപ്പിൾസ് പൾസിന്റെ സർവെ ഫലം. എൽ ഡി എഫ് 62-69 സീറ്റുകൾ നേടിയേക്കാമെന്നാണ് പി മാർക്കിന്റെ പ്രവചനം. എൽ ഡി എഫ് 58-64 വരെ സീറ്റുകൾ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്. എൽ ഡി എഫ് 58-68 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾ ഇൻസൈറ്റിന്‍റെ പ്രവചനം. എൽ ഡി എഫ് 55-65 സീറ്റുകൾ നേടുമെന്നാണ് ജേർണോ മിററിന്റെ സർവേ ഫലം.

കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്. അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. അതേസമയം ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ ഇന്നും നാളെയുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23നായിരുന്നു ആദ്യ ഘട്ടം. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിപ ജാഗ്രത: 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി; 11 പേരെ ഹോം ക്വാറന്റീനിലേക്ക് മാറ്റി
'സെനറ്റിൽ 19 പേർ കറകളഞ്ഞ ആർഎസ്എസുകാർ, എംജി സർവകലാശാലയിൽ സംഘപരിവാറുകാരൻ വിസി'; യുഡിഎഫ് സർക്കാർ ആർഎസ്എസിന് കീഴടങ്ങിയെന്ന് പിണറായി