
തിരുവനന്തപുരം: നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന എക്സിറ്റ് പോളുകൾ ബിജെപിക്ക് ആശ്വാസം. അതേ സമയം വോട്ട് വിഹിതം ഉയർത്താനാകില്ലെന്ന കണക്കുകൾ എൻഡിഎ ക്യാമ്പിനെ നിരാശരാക്കുന്നു. വലിയ ശ്രമങ്ങൾ നടത്തിയിട്ടും ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നതും ബിജെപിക്ക് തിരിച്ചടിയാണ്.
ബിജെപിയുടെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാനാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളും. നേമത്തും കഴക്കൂട്ടത്തും താമര വിരിയുമെന്നായിരുന്നു പോളിംഗ് തീർന്ന ഉടൻ ബിജെപി വിലയിരുത്തൽ. കൂടാതെ വട്ടിയൂർകാവ്, ചാത്തന്നൂർ, തിരുവല്ല, പാലക്കാട്, മഞ്ചേശ്വരം അടക്കമുള്ള സീറ്റുകളിൽ ടൈറ്റ് മത്സരമെന്നും. എല്ലാം ചേർത്ത് കൂട്ടുന്ന 7 സീറ്റ് വരെ പ്രവചിക്കുന്നുണ്ട് ചില എക്സിറ്റ് പോളുകൾ. എങ്കിലും അമിത പ്രതീക്ഷയില്ല എൻഡിഎ ക്യാമ്പിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിനടുത്തേക്ക് വോട്ട് ഉയർത്തിയിരുന്നു, പക്ഷെ പോൾ പ്രവചനം 14 ശതമാനം മാത്രമാണ്. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും നായർ-ഈഴവ വോട്ടുകൾ താമരയിൽ വീണെന്ന ഫലം പുതിയ പ്രതീക്ഷയാണ്. എന്നാൽ കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും ക്രൈസ്തവ മേഖലകളിൽ ആ വിഭാഗ പ്രതിനിധികളെ സ്ഥാനാർത്ഥികളാക്കിയിട്ടും മിഷൻ പാളിയെന്നാണ് എക്സിറ്റ് പോൾ.
നേരത്തെ കിട്ടിയിരുന്ന ക്രിസ്ത്യൻ വോട്ടിൽ കുറവ് വരെ പ്രവചിക്കുന്ന ഫലങ്ങൾ അവസാന നിമിഷമെത്തിയ എഫ്സിആർഎ ഭേദഗതി പഴിയടക്കം പണിയായെന്നാണ്. മോദി പല തവണ എത്തിയിട്ടും കേരളം കിട്ടാക്കനിയായി തുടരുന്നു എന്നതാണ് പ്രധാന പ്രശ്നം. തൂക്ക് സഭയിൽ കറുത്ത കുതിരകളാകാമെന്ന ബിജെപി കണക്കും തെറ്റിക്കുന്നു എക്സിറ്റ് പോൾ. എന്നാൽ ഒറ്റ സീറ്റ് കിട്ടിയാൽ പോലും ശതമാനക്കുറവ് അടക്കമുള്ള പ്രതിസന്ധികളെ മറികടക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ വീണ്ടും അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ പുതിയ നേതൃത്വത്തിന് വെല്ലുവിളിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam