
കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കുശേഷം വഴിയരികിൽ ഉപേക്ഷിച്ചു. ഇന്നലെ ദുബായിൽ നിന്നും നാട്ടിലെത്തിയ ഷിജൽ ഷാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മണിക്കൂറുകൾക്ക് ശേഷം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഷിജിലിന്റെ ബന്ധുവിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കുന്നമംഗലം പോലീസ് കേസെടുത്തു. സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്നും സംശയിക്കുന്നുണ്ട്.
രണ്ടാംദിനവും തായ്‍വാനെ വളഞ്ഞ് ചൈനീസ് സൈനികാഭ്യാസം, മുന്നറിയിപ്പുമായി അമേരിക്ക
അതേ സമയം, താമരശ്ശേരിയിൽ പ്രവാസി യുവാവ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ഷാഫിക്ക് ബന്ധമുണ്ടെന്ന് കസ്റ്റഡിയിലുളളവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഉത്തരമേഖല ഡിഐജി താമരശ്ശേരിയിലെത്തി.
കഴിഞ്ഞ ഏഴാംതീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അജ്ഞാത സംഘം പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഒരു ദിവസത്തിനിപ്പുറവും ഷാഫിയെ കണ്ടെത്താനായിട്ടില്ല. ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. ഇതിലുൾപ്പെട്ട മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. പൂനൂർ സ്വദേശിയായ യുവാവിന്റയും ഷാഫിയുടെയും മൊബൈൽ ഫോണുകൾ ഒരേ ടവർ ലൊക്കേഷനിൽ സ്വിച്ച് ഓഫ് ആയതായും പൊലീസ് കണ്ടെത്തിയിരുന്നു. ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് സ്വർണക്കടത്ത് സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്.