
തിരുവനന്തപുരം: ഇ.ശ്രീധരന്‍റെ അതിവേഗ റെയിൽപാതാ പദ്ധതി അതേപടി നടപ്പാക്കാനാകില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. ശ്രീധരന്‍റെ റിപ്പോർട്ട് അപൂർണ്ണമാണെന്നും ക്രൗഡ് ഫണ്ടിംഗ് നിർദ്ദേശിച്ചുള്ള സാമ്പത്തിക ഘടന അപ്രായോഗികമാണെന്നും സർക്കാറിന് നൽകിയ റിപ്പോർട്ടിൽ സമിതി ചൂണ്ടിക്കാട്ടുന്നു. സമിതി നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ പദ്ധതിയെ സർക്കാർ അനുകൂലിക്കില്ല.
മെട്രാമാന്‍റെ ബദൽപാതക്കിപ്പോൾ വിദഗ്ധസമിതി കാണിക്കുന്നത് റെഡ് സിഗ്നൽ. പ്രധാന എതിർപ്പ് അതിവേഗപാതാ പദ്ധതിയുടെ സാമ്പത്തിക ഘടനയിൽ. കേന്ദ്ര-സംസ്ഥാന വിഹിതം 60 ശതമാനവും ബാക്കി 40 ശതമാനം പൊതുജനങ്ങളിൽ നിന്നും പ്രവാസികളിൽ നിന്നുമുള്ള ക്രൗഡ് ഫണ്ടിംഗുമാണ് ശ്രീധരന്‍റെ ഇടക്കാല റിപ്പോർട്ടിലെ നിർദ്ദേശം. എന്നാൽ അത്തരമൊരു മാതൃക ഫലം കാണില്ലെന്നാണ് എന്നാണ് വിദഗ്ധസമിതി കണ്ടെത്തൽ. ക്രൗഡ് ഫണ്ടിംഗ് വഴി 24000 കോടിയോളം രൂപ നേടിയെടുക്കാമോ എന്നതിലാണ് പ്രശ്നം.
മിഷൻ സമുദ്രയുമായി ബന്ധിപ്പിച്ച് വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചുള്ള ഘടനാമാറ്റം സമിതി നിർദ്ദേശിക്കുന്നു എക്സ്ക്ലൂസീവായി പാസഞ്ചര്‍ ട്രെയിൻ മാത്രം ഓടിച്ചാൽ പദ്ധതി ലാഭത്തിലാകില്ല . ഗുഡ്സ് ട്രെയിൻ ഓടിക്കുന്നതടക്കം പരിഗണിക്കണം. സ്റ്റേഷനുകളടക്കം കൂടുതൽ ലാഭമുണ്ടാക്കും വിധം മാറ്റം വേണം. സമിതി രാവിലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
അതേസമയം തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത എന്നുള്ളത് കൊണ്ട് സ്ഥലമേറ്റെടുക്കൽ കെ റെയിലിനെക്കാൾ കുറവായത് നേട്ടമാണെന്ന് സമിതി പറയുന്നു. തൂണുകൾ വഴിയാണെങ്കിലും സമഗ്രമായ പാരിസ്ഥിതിക പഠനം സമിതി മുന്നോട്ട് വെക്കുന്നു. പാത കടന്നു പോകുന്ന ഇടങ്ങളിലെ മണ്ണിന്‍റെ ഘടന പലതായതിനാൽ വിശദമായ പഠനം വേണം. സമിതി റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി ശ്രീധരനുമായി ചർച്ച നടത്തും. സമിതി മുന്നോട്ട് വെക്കുന്ന ഘടനാപരമായ മാറ്റങ്ങൾ ശ്രീധരൻ അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. കെ റെയിലിനെതിരെ കടുപ്പിച്ച യുഡിഎഫ് ബദൽ പദ്ധതി വഴി വീണ്ടും വിവാദവും പ്രതിഷേധവും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ വികസനവിരുദ്ധരെന്ന പ്രചാരണം തടയുകയും വേണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam