കൊവിഡ് പ്രതിരോധത്തിൽ പാളിച്ച ? കണ്ണൂർ ജില്ലാ ആശുപത്രിയിൽ വിദഗ്ദ്ധ സമിതി അന്വേഷണം തുടങ്ങി

By Web TeamFirst Published May 23, 2020, 4:38 PM IST
Highlights

ഇന്നലെ കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ടുപേരിൽ അയ്യങ്കുന്ന് സ്വദേശിയായ ഗർഭിണി ഈ മാസം 13 നാണ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായത്

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കും ചികിത്സ തേടിയ ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ പകർച്ച വ്യാധി നിയന്ത്രണത്തിൽ അപാകതയുണ്ടോ എന്ന് അന്വേഷിക്കുന്നു. രണ്ട് വിദഗ്ധ സമിതി വിശദമായ പരിശോധ നടത്തിവരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സൂപ്രണ്ട് അടക്കം രോഗികളുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോയതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനവും പ്രതിസന്ധിയിലായി.

ഇന്നലെ കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ടുപേരിൽ അയ്യങ്കുന്ന് സ്വദേശിയായ ഗർഭിണി ഈ മാസം 13 നാണ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായത്. അഞ്ചുദിവസത്തിന് ശേഷം കടുത്ത പനി ബാധിച്ചതോടെ കൊവിഡ് പരിശോധന നടത്തി. പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഇവർ സിസേറിയനിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകി. ഇവർക്ക് കൊവിഡ് ബാധിച്ചത് ജില്ലാ ആശുപത്രിയിൽ നിന്നാണോ അതോ രോഗം പകരാൻ മറ്റ് സാധ്യതകളുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. 

ജില്ലാ ആശുപത്രിയിൽ സ്രവ പരിശോധന ഏകോപിപ്പിക്കുന്ന ചുമതലയുള്ള വടകര സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും കഴി‌ഞ്ഞ ദിവസം കൊവിഡ് ബാധിച്ചു. ഇതേ ആശുപത്രിയിലെ അറ്റന്റർക്ക് 18ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ആശങ്കയിലായതോടെ രോഗം പകർന്ന വഴി കണ്ടെത്താൻ രണ്ട് വിദഗ്ധ സമിതിയെ ജില്ല മെഡിക്കൽ ഓഫീസർ നിയമിച്ചു.

ആരോഗ്യപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും നിരീക്ഷണത്തിലാണ്. ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാരടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയതോടെ പ്രസവ ശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ച് ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ആശുപത്രിയിൽ നിലവിൽ 7 കൊവിഡ് രോഗികളുണ്ട്

click me!