
തൃശ്ശൂർ: മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച തൃശ്ശൂരിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം പരിശോധന നടത്തി. മരിച്ച ഇരുപത്തിരണ്ടുകാരന്റെ വീട് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇയാൾ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും വിദഗ്‍ധ സംഘം പരിശോധിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി.മീനാക്ഷി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം പ്രൊഫസർ ഡോ. നസീമുദ്ധീന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആശ കെ.പി, സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ലക്ഷ്മി ജി.ജി. എന്നിവരാണ് വിദഗ്ദ്ധ സംഘത്തിലുണ്ടായിരുന്നത്.
മങ്കിപോക്സ് രോഗികളോട് ഇടപെടുന്നത് കരുതലോടെ വേണമെന്ന് കേന്ദ്രം, സോപ്പും, സാനിറ്റൈസറും ഉപയോഗിക്കണം
മങ്കിപോക്സ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാൻ മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണം എന്നതാണ് പ്രദാനമായും കേന്ദ്രം മുന്നോട്ടു വച്ചിട്ടുള്ള നിർദേശം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പർക്കത്തിൽ വരുമ്പോൾ കയ്യുറയും മാസ്കും ധരിക്കുക തുടങ്ങിയ മാർഗ്ഗനിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ പൊതു പരിപാടികളിൽ നിന്ന് വിട്ടു നിൽക്കണം. അതേസമയം വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു. രാജ്യത്ത് മങ്കിപോക്സ് കേസുകൾ കൂടുകയും യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ ആൾ മങ്കിപോക്സ് ബാധിച്ച് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളിൽ വച്ച് തന്നെ മങ്കി പോക്സ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുഎഇയോട് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളങ്ങളിൽ വച്ച് തന്നെ പരിശോധന നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്യണമെന്നാണ് യുഎഇ സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിൽ നിന്നെത്തിയവരിൽ മങ്കിപോക്സ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കഴിഞ്ഞ ദിവസം കേരളത്തിൽ മങ്കിപോക്സ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശി യുഎഇയിലെ പരിശോധയിൽ പോസിറ്റീവായ വിവരം മറച്ചുവച്ചിരുന്നു. രോഗവിവരം മറച്ചുവച്ച് നിരവധി പേരുമായി ഇടപഴകുകയും ചെയ്തു. ഈ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലാണ്. മങ്കിപോക്സ് പ്രതിരോധത്തിൽ കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും ആരോഗ്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam