മരടിലെ ഫ്ലാറ്റുകള്‍: ശരത് ബി സര്‍വ്വാതെ ഇന്ന് ഫ്ലാറ്റുകള്‍ പരിശോധിക്കും.

Published : Oct 11, 2019, 08:00 AM IST
മരടിലെ ഫ്ലാറ്റുകള്‍: ശരത് ബി സര്‍വ്വാതെ ഇന്ന് ഫ്ലാറ്റുകള്‍ പരിശോധിക്കും.

Synopsis

നഗരസഭയിലെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റാത്ത ഉടമകൾക്ക് വിൽപ്പന കരാർ രേഖ ഹാജരാക്കിയാലും നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നാണ് കൊച്ചിയിൽ ആദ്യ യോഗം ചേർന്ന് സമിതി അറിയിച്ചത്

കൊച്ചി: ഉപദേശം നൽകാൻ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ ശരത് ബി.സർവ്വാതെ ഇന്ന് ഫ്ലാറ്റുകൾ പരിശോധിക്കും. രാവിലെ മരട് നഗര സഭയിൽ എത്തുന്ന അദ്ദേഹം സർക്കാർ നിയോഗിച്ച പതിനൊന്നംഗ സാങ്കേതിക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പൊളിക്കൽ ചുമതലയുള്ള ഫോർട്ടുകൊച്ചി സബ്കളക്ടറും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. 

തുടർന്ന് ഇവർ പൊളിക്കാനുള്ള പാർപ്പിട സമുച്ചയങ്ങള്‍ പരിശോധിക്കും. അതിനു ശേഷം കരാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തും ഈ ചർച്ചക്ക് ശേഷം ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കമ്പനികളേയും തീരുമാനിച്ചേക്കും. 

അതേസമയം മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. കൊച്ചിയിൽ ചേർന്ന ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടേതാണ് തീരുമാനം. നഗരസഭയിൽ  ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും  വിൽപ്പന കരാർ ഹാജരാക്കുന്നവർക്കും  നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്ന് സമിതി അറിയിച്ചു. 

നഗരസഭയിലെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റാത്ത ഉടമകൾക്ക് വിൽപ്പന കരാർ രേഖ ഹാജരാക്കിയാലും നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നാണ് കൊച്ചിയിൽ ആദ്യ യോഗം ചേർന്ന് സമിതി അറിയിച്ചത്. നിർമ്മാതാക്കൾക്ക് എത്ര രൂപയാണ് ഫ്ലാറ്റിനായി നൽകിയതെന്ന് വ്യക്തമാകാൻ യഥാർത്ഥ വില ഉൾക്കൊള്ളിച്ച് ഓരോ ഫ്ലാറ്റ് ഉടമകളോടും സമിതി സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പിഡബ്ല്യുഡി മുൻ ചീഫ് എഞ്ചിനീയർ ആർ മുരുകേശൻ എന്നിവരാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.   241 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് നഗരസഭ നേരത്തെ  സർക്കാരിന് നൽകിയ പട്ടികയിലുണ്ട്. 135 ഫ്ലാറ്റുടമകൾ ഉടമസ്ഥാവകാശ രേഖയും 106 പേർ വിൽപ്പന കരാറും നഗരസഭയിൽ ഹാജരാക്കിയിരുന്നു. 54 ഫ്ലാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണ്. ഈ മാസം 14 ന് സമിതി വീണ്ടും യോഗം ചേരുമ്പോൾ പ്രമാണവും വിലയും സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മരട് മുനിസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകി. 

മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ഇന്നലെ ചോദ്യം ചെയ്തു. അഷറഫ് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലത്താണ് മരടിൽ നാല് ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയിരുന്നത്. 

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ