മർദ്ദനമേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ; പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു: ആരോഗ്യമന്ത്രി

Published : Mar 30, 2019, 12:29 PM IST
മർദ്ദനമേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ; പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു: ആരോഗ്യമന്ത്രി

Synopsis

ന്യൂറോളജിസ്റ്റ്, ന്യൂറോ സര്‍ജന്‍, പീഡിയാട്രീഷ്യന്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് അയച്ചത്. സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: തൊടുപുഴയില്‍ യുവാവ് മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസുകാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. 

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ സര്‍ജന്‍, പീഡിയാട്രീഷ്യന്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് അയച്ചത്. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എങ്കിലും സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടി ജീവനുവേണ്ടി പോരാടുകയാണ്. വെന്‍റിലേറ്ററില്‍  മരുന്നുകളുടെ സഹായത്തോടെയാണ് ജീവൻ നി‍ർത്തുന്നത്. പുരോഗതി ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായാണ് നിരീക്ഷണം. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകാത്തതാണ് ഡോക്ടർമാർ നേരിട്ട പ്രതിസന്ധി. 

ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്ത് വന്നിരുന്നു. കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടായില്ല. മൂന്നരവയസ്സുള്ള ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചത് ഏഴ് വയസ്സുകാരന്‍റെ അശ്രദ്ധയാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കാലുവാരി ഭിത്തിയിലിടിച്ചതോടെ തലയോട്ടി തകർന്ന് രക്തമൊഴുകി. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്.

 പരിശോധനയിൽ തലയോട്ടി പൊട്ടിയെന്ന് വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോല‍ഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച അർദ്ധരാത്രിയാണ് പ്രതി അരുൺ  ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. അരുൺ കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടുകയും ഭിത്തിയിലിടിക്കുകയും ചെയ്തെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സഹോദരനെ വടികൊണ്ട് അടിക്കുന്നത് കണ്ടെന്ന് മൂന്നരവയസുള്ള ഇളയകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരോട് പറഞ്ഞു.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം