
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തതിന് കാരണം സ്‌മോൾഡറിങ്ങാണെന്ന ജില്ലഭരണകൂടത്തിന്‍റെ വാദം തള്ളി വിദഗ്ധർ. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങിനെ കണ്ടെത്തി എന്നാണ് ചോദ്യം. സ്‌മോൾഡറിങ്ങിനുള്ള സാധ്യത ബ്രഹ്മപുരത്തില്ലായിരുന്നെന്നും വിദഗ്ധർ പറയുന്നു.
ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂടുമൂലമുണ്ടാകുന്ന സ്മോൾഡറിംഗ് എന്ന പ്രതിഭാസമാണെന്നും ഹൈക്കോടതിയിലാണ് എറണാകുളം ജില്ലകളക്ടറായിരുന്ന രേണുരാജ് അറിയിച്ചത്. എന്നാൽ ഈ വാദം തള്ളുകയാണ് വിദഗ്ധർ.
സ്‌മോൾഡറിംഗ് ഉണ്ടെങ്കിൽ കത്തുകയല്ല പുകയുകയാണ് ചെയ്യുക. അഗ്നിപർവ്വതങ്ങൾ കണ്ടിട്ടില്ലേ..ഒറ്റയടിക്കല്ല അവ പൊട്ടിത്തെറിക്കുക... ദീർഘകാലം പുകഞ്ഞ ശേഷമാണ് കത്തുക... ഇവിടെ അങ്ങനെയുണ്ടായിട്ടില്ല.. മാലിന്യം ചൂടേറ്റ് പുകഞ്ഞ അവസ്ഥയുണ്ടായിട്ടില്ല ആദ്യം തന്നെ കത്തുകയാണ് ചെയ്തത്. സ്മോൾഡറിംഗ് നടക്കണമെങ്കിൽ ആദ്യം ഓക്സജിൻ്റെ സാന്നിധ്യം അതെങ്ങനെയുണ്ടായെന്ന് കളക്ടർ തന്നെ വിശദീകരിക്കണം - ഡോ.സി.എം റോയ്, കെ.എഫ്.ആർ.ഐ മുൻ രജിസ്ട്രാർ
പ്ലാസ്റ്റികിനൊപ്പം ജൈവമാലിന്യവും കൂടിക്കലർന്നുള്ള ലെഗസി മാലിന്യമാണ് ബ്രഹ്മപുരത്തുള്ളത്. പ്ലാസ്റ്റിക്കിന് സ്‌മോൾഡറിങ് സംഭവിച്ചാലും ജൈവമാലിന്യം കൂടിക്കലർന്ന് കിടക്കുന്നതിനാൽ കത്തി പിടിക്കുവാൻ സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു. ചൂട് ഇതിൽ കൂടുതലുള്ള കാലങ്ങളിലും സംസ്ഥാനത്ത് ഇതുവരെ സ്‌മോൾഡറിങ് സംഭവിച്ചിട്ടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam