
തൃശൂർ: തൃശൂരിലെ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴി ഒരുക്കിയെന്ന് സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തുടർന്നുവെന്നും സഹറിൻ്റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിക്കുന്നു.
ആൾക്കൂട്ട മർദ്ദനം നടന്ന് ഒരാഴ്ച പ്രതികൾ നാട്ടിൽ തന്നെ ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപെടാൻ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹാറിന്റെ സഹോദരി പറയുന്നു. ഞങ്ങൾതന്നെ പ്രതികളെ പിടിച്ചു കൊടുക്കണമായിരുന്നെങ്കിൽ പൊലീസ് എന്തിന്? സംഭവം കഴിഞ്ഞ് നാലഞ്ചു ദിവസം പ്രതികൾ നാട്ടിലുണ്ടായിരുന്നു. പ്രതികൾ അടുത്ത വീട്ടിലെ കല്യാണം കൂടി. കേരളാ പൊലീസിനോടുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടു. കുടുംബം കേസിനോട് സഹകരിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. കേസന്വേഷിക്കേണ്ടത് പൊലീസല്ലേ. നീതി കിട്ടണം, ഇല്ലെങ്കിൽ പൊലീസ് അനുജനെ തിരിച്ചു തരട്ടെയെന്നും സഹോദരി പറഞ്ഞു. മകനെപ്പോലെ കരുതിയിരുന്നവരാണ് കൊലയാളികളെന്ന് സഹറിന്റെ ഉമ്മ പറഞ്ഞു.
പതിനെട്ടിന് രാത്രി വൈകി വീട്ടിലെത്തിയ മകൻ പുലർച്ചെ വയറുവേദനിക്കുന്നെന്ന് നിലവിളിച്ചപ്പോൾ തുടങ്ങിയതാണ് ഈ ഉമ്മയുടെ നെട്ടോട്ടം. പതിനേഴ് ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ജീവനില്ലാതെയാണ് തിരിച്ചു കിട്ടിയത്. ചെറുപ്പം തൊട്ടേ കൂട്ടായിട്ടുണ്ടായിരുന്നവരാണ് മകനെ തല്ലിക്കൊന്നതെന്ന് നിലവിളിച്ച് പറയുകയാണ് ഉമ്മ. രാഹുലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തേ വ്യക്തമായിരുന്നു. പരാതി നൽകിയതിന് ശേഷവും പ്രതികൾ നാട്ടിലെ വിവാഹച്ചടങ്ങുകളിൽ സജീവമായി പങ്കെടുത്തെന്ന് സഹോദരി പറഞ്ഞു.
ആക്രമണം നടന്ന് 19 ദിവസം, തൃശൂരിലെ സദാചാരക്കൊലയിൽ പ്രതികൾക്കായി ഇരുട്ടിൽത്തപ്പി പൊലീസ്
പ്രതികൾക്ക് രക്ഷപെടാൻ പൊലീസ് അവസരമൊരുക്കിയെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് അന്വേഷണം ഇഴയുന്നതിനെതിരെ സഹറിന്റെ കുടുംബം രംഗത്തെത്തുന്നത്. വിഷ്ണു, ഡിനോൺ, അഭിലാഷ്, വിജിത്ത്, അരുൺ, ഗിൻജു ജയൻ, അമീർ, രാഹുൽ എന്നിവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. വിദേശത്തേക്ക് കടന്ന രാഹുലിനെ തിരികെയെത്തിക്കാനുള്ള നീക്കം തുടങ്ങിയെന്ന് പൊലീസ് പറയുമ്പോഴും മറ്റ് പ്രതികളെ പിടിക്കാത്തതെന്തെന്ന കുടുംബത്തിന്റെ ചോദ്യത്തിന് ഉത്തരമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam