
ഇടുക്കി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. ഇതിനൊപ്പം സമീപമലയിൽ നിന്നുള്ള വെള്ളം കൂടി കുത്തിയൊലിച്ച് വന്നതോടെ ഉരുൾപൊട്ടലുണ്ടായെന്നാണ് വിലയിരുത്തൽ.
വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴ. ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ പെയ്ത മഴ 2,147 മില്ലി മീറ്റർ. ചരിത്രത്തിൽ ആദ്യമായാണ് കണ്ണൻദേവൻ മലനിരകളിൽ ഇത്രയും മഴ കിട്ടുന്നത്. ശരാശരി ഒരു വർഷം കിട്ടേണ്ട മഴ ഒറ്റ ആഴ്ച കൊണ്ട് പെയ്തിറങ്ങിയതോടെ പെട്ടിമുടി ദുരന്തഭൂമിയായി.
രാജമലയിൽ നിന്നുള്ള മലവെള്ളം കൂടി താഴെയുള്ള പെട്ടിമുടിയിലേക്ക് എത്തിയതോടെ ഉരുൾപൊട്ടലിൽ 14 അടിയോളം ഉയരത്തിൽ വെള്ളമെത്തി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ പെട്ടിമുടിയിൽ ക്വാറികളില്ല. ഒരു നൂറ്റാണ്ടോളമായി തേയില കൃഷി ചെയ്യുന്ന ഇവിടെ മണ്ണിടിച്ചിലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സമാനദുരന്തം സംസ്ഥാനത്ത് ഇനി ആവർത്തിക്കാതിരിക്കാൻ ഇത്തരത്തിലുള്ള മേഘവിസ്ഫോടനത്തെ കുറിച്ച് പഠനം നടത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam