സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; കൂട്ടിക്കലിലും കൊക്കയാറിലും ഉണ്ടായത് മേഘ വിസ്ഫോടനമെന്ന് വിദഗ്ധർ

By Web TeamFirst Published Oct 17, 2021, 2:02 PM IST
Highlights

ചുരുങ്ങിയ സമയത്തിൽ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തൽ.

കൊച്ചി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംത്തിട്ട, കോട്ടയം ജില്ലകൾക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. തുടർച്ചയായി ഇനിനും ഈ മേഖലകളിൽ മഴ പെയ്താൽ സ്ഥിതി ഗുരുതരമാകുമെന്നതിനാൽ അതീവ ജാഗ്രത വേണണെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, കൂട്ടിക്കലിലും കൊക്കയാറിലും ഉണ്ടായത് മേഘ വിസ്ഫോടനം (cloud burst) തന്നെയാണെന്ന് വിദഗ്ധർ പറയുന്നു.

ചുരുങ്ങിയ സമയത്തിൽ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തൽ. അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറിൽ അഞ്ച് സെന്‍റിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്. അറബിക്കടലിലെ ന്യൂനമർദ്ദ വിശകലനത്തിൽ മാത്രം പ്രവചനം ചുരുങ്ങിയാൽ മുന്നറിയിപ്പില്ലാത്തതിനാൽ പ്രാദേശികമായ ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കാം.

ഇന്നലെ രാവിലെ മുതൽ കേരളത്തിന്‍റെ ആകാശം മേഘാവൃതമായി ഇരുൾ മൂടിയിരുന്നു. എന്നാൽ ഇതിൽ തന്നെ കൂടുതൽ തീവ്രമായ ചെറു മേഘകൂട്ടങ്ങൾ കണ്ട സ്ഥലങ്ങളിലാണ് മഴ ആ‌ർത്തലച്ച് പെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം മഴ വിട്ട് നിന്ന് സംസ്ഥാനത്ത് ഈ ഒരൊറ്റ ദിവസത്തെ മഴയിൽ ഉരുൾപൊട്ടി ദുരന്തങ്ങളും പെയ്തിറങ്ങുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിൽ ചെറിയ പ്രദേശത്ത്, കുറഞ്ഞ സമയത്തിലാണ് തീവ്രമഴ എത്തിയത്. ഈ അടിസ്ഥാനത്തിലാണ് 2019ന് സമാനമായ പ്രളയഭീതിയിലേക്ക് മധ്യകേരളമെത്തിയതിന് കാരണം ലഘുമേഘ വിസ്ഫോടനമെന്ന് കുസാറ്റ് സെന്‍റർ ഫോർ അറ്റ്മോസ്ഫറിക് റിസർച്ച് സെന്‍റർ വിലയിരുത്തുന്നത്. 2018ലെയും,19ലെയും മഴയുടെ രീതി നിരീക്ഷിച്ച പഠനസംഘം സമാനമായ കാലാവസ്ഥയാണ് നിലവിലേതെന്നും വ്യക്തമാക്കുന്നു.

ഒരു മണിക്കൂറിൽ പത്ത് സെന്‍റിമീറ്ററിലധികം തീവ്രമഴ പെയ്യുമ്പോഴാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മാനദണ്ഡപ്രകാരം മേഘവിസ്ഫോടനങ്ങൾ സംഭവിക്കുക. ഈ സാഹചര്യം രാജ്യത്ത് ഹിമാലത്തിലും,വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് കണ്ട് വരുന്നത്.എന്നാൽ കേരളത്തിന്‍റെ ഭൂപ്രകൃതിയിൽ രണ്ട് മണിക്കൂറിൽ അഞ്ച് സെന്‍റിമീറ്റർ മഴ പെയ്താൽ പോലും അപകടമാണ്. 2019ൽ സംഭവിച്ചത് പോലെ പെട്ടെന്ന് മണ്ണിടിച്ചിലും,ഉരുൾപൊട്ടലും വെള്ളപ്പൊക്കത്തിനും അത് വഴിവയ്ക്കും.പ്രാദേശികമായ കാലാവസ്ഥ പ്രവചനങ്ങൾക്ക് ജില്ല അടിസ്ഥാനത്തിൽ റഡാർ സംവിധാനങ്ങളും ഒരുക്കണമെന്ന ചർച്ചയിലേക്കാണ് നിലവിലെ സാഹചര്യം വിരൽചൂണ്ടുന്നത്.

 

click me!