മഴക്കെടുതി: സംസ്ഥാനത്ത് മരണം 12 ആയി; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

By Web TeamFirst Published Oct 17, 2021, 1:40 PM IST
Highlights

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 12 ആയി. കാഞ്ഞിരപ്പള്ളി മേഖലയിൽ 15 പേരെ ആകെ കാണാതായി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാൻ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 12 ആയി. കാഞ്ഞിരപ്പള്ളി മേഖലയിൽ 15 പേരെ ആകെ കാണാതായി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അറബിക്കടലിലെ ന്യൂനമർദ്ദം തീർത്തും ദുർബലമായി. പക്ഷെ ന്യൂനമർദ്ദത്തിന്റെ അവശേഷിപ്പുകൾ തുടരുന്നതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകീട്ട് വരെ തുടർന്നേക്കും. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംതിട്ട, കോട്ടയം ജില്ലകൾക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

തുടർച്ചയായി ഇനിനും ഈ മേഖലകളിൽ മഴ പെയ്താൽ സ്ഥിതി ഗുരുതരമാകുമെന്നതിനാൽ അതീവ ജാഗ്രത വേണണെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കെഎസ്ഈബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, മാട്ടുപ്പെട്ടി, കല്ലാർ അണക്കെട്ടുകളിലും,  ജലസേചന വകുപ്പിന്റെ ചുള്ളിയാർ, പീച്ചി അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത വേണം. സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ തുറന്ന്.

സംസ്ഥാനത്ത് ഇന്നലെ 11 സ്റ്റേഷനുകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8.30വരെയുള്ള കണക്ക് പ്രകാരം, 24 മണിക്കൂറിൽ കോട്ടയം മുണ്ടക്കയത്ത് 347 മി.മീ മഴ രേഖപ്പെടുത്തി. ഇടുക്കിയിലെ പീരുമേടിൽ 305 മി.മീ മഴയുണ്ടായി. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ രണ്ട് സ്റ്റേഷനുകളിലും ഇടുക്കി കുളമാവ്, ചിന്നാർ, തൊടുപുഴ എന്നിവിടങ്ങളിലും എറണാകുളം കീരംപാറ, കോഴിക്കോട് കുറ്റ്യാടി, പത്തനംതിട്ട നിലക്കൽ, പേരുന്തേനരുവി, തിരുവനന്തപുരം പൊന്മുടി സ്റ്റേഷനുകളിലും അതീതീവ്ര മഴ രേഖപ്പെടുത്തി.

13 സ്റ്റേഷനുകളിൽ തീവ്ര മഴയുണ്ടായി.  കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം പുറന്തള്ളുന്ന മഴമേഘങ്ങൾ കൂടുതലായി കരയിലെത്തിയതാണ് പേമാരിക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ലഘുമേഘവിസ്ഫോടനങ്ങൾ നടന്നായി കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഐഎംഡി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

click me!