
വയനാട്: വയനാട് ബത്തേരി കൈപ്പഞ്ചേരിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലും നിലമ്പൂർ കൊലക്കേസിലെ (Nilambur Murder) മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ കേസില്‍ പ്രതി ചേർത്തു. ഷൈബിൻ അഷ്റഫിനെ ബത്തേരി പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. സ്ഫോടക വസ്തുക്കൾ ഷൈബിന്‍റെ വീട്ടിൽ നിന്നും കിട്ടിയതാണെന്ന മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൈപ്പഞ്ചേരിയിലെ വീട്ടു പറമ്പിൽ നിന്ന് കഴിഞ്ഞ മാസം 28 നാണ് 9 ജലറ്റിൻ സ്റ്റിക്കുകളും രണ്ടര മീറ്റർ ഫ്യൂസ് വയറും കണ്ടെത്തിയത്. കേസിലെ മറ്റ് പ്രതികളായ നൗഷാദിനേയും സഹോദരൻ അഷ്റഫിനെയും പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. സ്ഫോടക വസ്തുക്കൾ രാസ പരിശോധനക്കയച്ചിട്ടുണ്ട്.
ഷൈബിന്‍റെ ഉടമസ്ഥതയിലുള്ള മന്തണ്ടിക്കുന്നിലെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തി. നാല് മണിക്കൂറോളം ഇവിടെ തെളിവെടുപ്പും പരിശോധനകളും നടന്നു. തുടർന്ന് നിർമാണം നടക്കുന്ന ഷൈബിന്‍റെ പുത്തൻകുന്നിലെ ആഡംബര വസതിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ബത്തേരിയിലെ കൈപ്പഞ്ചേരിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവവുമായി ഈ കൊലപാതക കേസിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കേസിലെ പ്രതി നൗഷാദിന്‍റെ സഹോദരൻ അഷ്റഫിന്‍റെ സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ നിന്ന് 9 ജലാറ്റിൻ സ്റ്റിക്കുകളാണ് കഴിഞ്ഞ മാസം 28 ന് കവർച്ച കേസിലെ തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം.
ഒന്നേ കാൽ വര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു.
Also Read: ഒന്നേകാൽ വർഷത്തെ നരകയാതന, ശേഷം കൊലപാതകം, പിന്നെ വെട്ടിനുറുക്കി ചാലിയാറിലേക്ക്
പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതിനിടെ തെറ്റിപ്പിരിഞ്ഞു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിലാണ് 2022 ഏപ്രിൽ 24-ന് തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കൊള്ളനടത്തി എന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു പരാതി.
Also Read: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യപ്രതി
ഈ കേസിൽ ഷൈബിൻ്റെ മുൻകൂട്ടാളിയായ അഷ്റഫ് എന്നയാളെ പൊലീസ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടി. ഇതിന് തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ആത്മഹത്യ നാടകം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു. ചോദ്യം ചെയ്യല്ലിൽ തങ്ങൾക്ക് ഷൈബിൻ അഹമ്മദ് എന്നയാളിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഇവർ പറഞ്ഞു, ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും മോഷണക്കേസിലെ പരാതിക്കാരനായ ഷൈബിൻ കൊലക്കേസിൽ പ്രതിയായതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam