സ്ഫോടക വസ്തു കോഴിക്കാഷ്ടത്തിനൊപ്പം മലപ്പുറത്തേക്ക് കടത്തി; മുഖ്യപ്രതി പിടിയിൽ

Published : Aug 18, 2022, 04:04 PM IST
സ്ഫോടക വസ്തു കോഴിക്കാഷ്ടത്തിനൊപ്പം മലപ്പുറത്തേക്ക് കടത്തി; മുഖ്യപ്രതി പിടിയിൽ

Synopsis

വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന് തോന്നും വിധമാണ് ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്...

മലപ്പുറം: ലോറിയില്‍ കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ ചുറ്റും നിരത്തി സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി മലപ്പുറം പൊലീസിന്റെ പിടിയില്‍. സ്‌ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്. 10, 000 ഓഡിനറി ഡിറ്റനേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6, 750 കിലോ ജലാറ്റിന്‍ സ്റ്റിക് (54, 810 എണ്ണം), 38, 872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പാലക്കാട്‌ - കോഴിക്കോട് ദേശീയ പാത 213ല്‍ മലപ്പുറം മോങ്ങത്ത് വച്ച് കര്‍ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്. 

കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന് മോങ്ങത്തെ ഗോഡൗണിലേക്ക് കടത്തുകയായിരിരുന്നു ഇവ. വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന് തോന്നും വിധമാണ് ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. ഗോഡൗണില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഇവ പിടികൂടിയത്. ക്വാറികളില്‍ പാറ പൊട്ടിക്കാനായി കൊണ്ടുവന്നതാണ് ഇവ എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 

സംസ്ഥാനത്തേക്ക് അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സോമശേഖരയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‍പി സി ബിനുകുമാര്‍, എ എസ് ഐമാരായ ഷൈജു കാളങ്ങാടന്‍, സാജു പൂക്കോട്ടൂര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാക്കിര്‍ സ്രാമ്പിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കാസര്‍കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ്(40), കര്‍ണാടക സ്വദേശി ഹക്കീം(32)എന്നിവരെ കൊണ്ടോട്ടി പൊലിസ് സംഭവ സമയത്ത് തന്നെ അറസ്റ്റു ചെയ്തിരുന്നു. ലോറി കസ്റ്റഡിയിലെടുത്ത പൊലിസ് ഗോഡൗണ്‍ ഉടമക്കായി അന്വേഷണവും തുടങ്ങിയിരുന്നു. അന്നത്തെ മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ് ഐ രഞ്ജിത്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പാലക്കാട്‌ - കോഴിക്കോട് ദേശീയ പാത 213ല്‍ മോങ്ങത്ത് വച്ച് കര്‍ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 

പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോങ്ങം അങ്ങാടിക്ക് സമീപത്തെ ഗോഡൗണിലേക്കാണ് സ്‌ഫോടക വസ്തുക്കളെന്ന് ബോധ്യമായത്. തുടര്‍ന്ന് സി. ഐ മുഹമ്മദ് ഹനീഫയും സംഘവും മോങ്ങത്തെ മര ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നടത്തിയ പരിശോധനയിലും വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. 

ഇവിടെ നിന്ന് എഴ് പെട്ടികളിലായി 7, 000 ഇലക്ട്രിക് ഡിറ്റനേറ്ററും, 21, 045 മീറ്റര്‍ നീളത്തില്‍ 115 റോള്‍ സേഫ്റ്റി ഫ്യൂസും കണ്ടെത്തി. രണ്ടിടങ്ങളില്‍ നിന്നുമായി ഏഴ് ടണ്‍ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചിരിക്കുന്നത്. ഇവയുടെ പോസ്റ്റര്‍ പെട്ടികളില്‍ നിന്ന് നീക്കം ചെയ്ത നിലയിലായിരുന്നു. മലപ്പുറം മേല്‍മുറി സ്വദേശി ബാസിത് എന്നയാളുടെ ഉടമസ്ഥതയിലാണ് മരങ്ങള്‍ സൂക്ഷിച്ച ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കോട്ടയം സ്വദേശിക്ക് ഇയാള്‍ വാടകയ്ക്ക് നല്‍കിയിരുന്നെങ്കിലും ഒരുമാസം മുമ്പ് ഉടമ തിരികെ വാങ്ങിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്
ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്