'ആശ്രമം തീവെപ്പ് കേസില്‍ അന്വേഷണം നടക്കുന്നുണ്ട്'; ചോദ്യങ്ങളില്ലാതെ ഉത്തരം കമന്‍റ് ചെയ്ത് സന്ദീപാനന്ദഗിരി

By Web TeamFirst Published Mar 25, 2019, 4:05 PM IST
Highlights

ആശ്രമം തീവെപ്പ് കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സന്ദീപാനന്ദഗിരിയുടെ കമന്‍റ്. ഫേസ്ബുക്കില്‍ സെന്‍കുമാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ഇട്ട പോസ്റ്റിന്‍റെ താഴെയാണ് ആദ്യ കമന്‍റായി സന്ദീപാനന്ദഗിരി ഇങ്ങനെ കുറിച്ചത്...

തിരുവനന്തപുരം: ആശ്രമം തീവെപ്പ് കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സന്ദീപാനന്ദഗിരിയുടെ കമന്‍റ്. ഫേസ്ബുക്കില്‍ സെന്‍കുമാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ഇട്ട പോസ്റ്റിന്‍റെ താഴെയാണ് ആദ്യ കമന്‍റായി സന്ദീപാനന്ദഗിരി ഇങ്ങനെ കുറിച്ചത്...'ആശ്രമം തീവെപ്പ് കേസ് മുൻപ് സൂചിപ്പിച്ചതുപോലെ അന്വേഷണം നടക്കുന്നുണ്ട്, ഇൻഷൂറൻസ് തുക കാറിന്റെ പകുതി വിലപോലും കിട്ടില്ല എന്ന് അറിവ് കിട്ടിയിട്ടുണ്ട്'

നേരത്തെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ആശ്രമം തീവച്ച സംഭവവുമായി ബന്ധപ്പെട്ട് ആളുകള്‍ കമന്‍റ് ബോക്സില്‍ പ്രതികരണങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. അതില്‍ മിക്ക കമന്‍റുകളിലും 'ഇന്‍ഷൂറന്‍സ് തുകയൊക്കെ കിട്ടിക്കാണും അല്ലേ?' എന്ന തരത്തില്‍ പരിഹാസങ്ങളുമുണ്ടായി ഇതിന്‍റെ മറുപടിയായാണ് സെന്‍കുമാറിനെ പരിഹസിക്കുന്ന പോസ്റ്റിന് താഴെ ആദ്യ കമന്‍റായി ഇന്‍ഷൂറന്‍സ് തുക പകുതി പോലും കിട്ടില്ലെന്ന് അറിവ് കിട്ടിയിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി കുറിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 27ന് പുലർച്ചയാണ് കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം ഉണ്ടായത്. രണ്ട് കാറും ഒരു ബൈക്കും കത്തിനശിച്ചു. ആശ്രമത്തിലെ പോർച്ചിനും കേടുപാടുണ്ടായി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിക്കുന്ന സ്വാമിക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നു.

ഇതോടെ ആശ്രമത്തിനെതിരായ അക്രമം വലിയ ചർച്ചയായി. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ആശ്രമത്തിലെത്തി. എന്നാൽ, ഇപ്പോഴും പ്രതിയെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പെട്രോൾ ഒഴിച്ച് തീയിട്ടു എന്നാണ് ഫോറൻസിക് റിപ്പോർട്ട്. ആശ്രമത്തിന്‍റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒരു തെളിവും കിട്ടിയില്ല. സ്വാമിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോൾ വാങ്ങിയ പമ്പോ കണ്ടെത്താനായിട്ടില്ല.
 

click me!