
കാസർകോട്: അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ച കേസിൽ വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രന് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് ജാമ്യം അനുവദിച്ചത്. രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ 12 ദിവസമായി ജയിലിലായിരുന്നു പവിത്രൻ.
അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇയാൾ എഴുതിയത്. സംഭവം വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പദവിയിൽ നിന്ന് എ പവിത്രനെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്‌തു. സമൂഹ മാധ്യമത്തിൽ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷന്‍ നേരിട്ടിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതിന് നടപടി നേരിട്ടത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഏഴ് മാസത്തിനിപ്പുറം നാടിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിലയിൽ വീണ്ടും ഫെയ്സ്ബുക്കിൽ പ്രതികരിച്ചതോടെയാണ് വീണ്ടും സസ്പെൻഷനും അറസ്റ്റുമടക്കം നടപടിയുണ്ടായത്.
നിരവധി തവണ മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും സസ്പെൻഷൻ അടക്കം നടപടികള്‍ക്ക് വിധേയനായിട്ടും വകുപ്പിനും സര്‍ക്കാരിനും നാടിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്ന പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനാണ് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam