
തിരുവനന്തപുരം: ജയിലറിന് ശേഷം രജനികാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'തലൈവര്‍ 170'. ജയ് ഭീം എന്ന ചിത്രത്തിന്‍റെ സംവിധായകൻ ടി ജെ ജ്ഞാനവേല്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മഞ്ജു വാര്യര്‍ ഉള്‍പ്പടെ വലിയ താരനിരയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ ഒക്‌ടോബര്‍ ആദ്യ വാരം അടയ്ക്കും എന്നൊരു സന്ദേശം വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി എന്നിവര്‍ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗിനായി തിരുവനന്തപുരം നഗരത്തിലെത്തും എന്നും മെസേജില്‍ പറയുന്നു. തലസ്ഥാനനഗരിയെ നിശ്ചലമാക്കി തലൈവര്‍ 170യുടെ ഷൂട്ടിംഗ് നടക്കാന്‍ പോവുകയാണോ?
പ്രചാരണം
തലൈവര്‍ 170 സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള സന്ദേശം തിരുവനന്തപുരത്തെ പല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും സജീവമാണ്. ഈ സന്ദേശത്തിന്‍റെ വസ്‌തുത അറിയാന്‍ സ്ക്രീന്‍ഷോട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് ലഭിച്ചു. വാട്‌സ്‌ആപ്പ് മെസേജില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. 'ബ്രേക്കിംഗ് ഒഫീഷ്യല്‍ ന്യൂസ് അപ്‌ഡേറ്റ്- തലൈവര്‍ 170 സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ ഒക്ടോബര്‍ ആദ്യവാരം അടയ്‌ക്കുകയും വാഹനങ്ങള്‍ ചിലപ്പോള്‍ വഴിതിരിച്ചുവിടുകയും ചെയ്യും. രജനികാന്ത്, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി എന്നിവര്‍ ഒക്ടോബറില്‍ തിരുവനന്തപുരത്ത് ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗില്‍ ചേരും' എന്നുമാണ് വാട്‌സ്‌ആപ്പ് സന്ദേശത്തിലുള്ളത്.
വാട്‌സ്‌ആപ്പ് മെസേജിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
രജിനികാന്ത് ചിത്രം തലൈവര്‍ 170ന്‍റെ ഷൂട്ടിംഗിനായി തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ അടയ്‌ക്കും എന്നത് വ്യാജ പ്രചാരണമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ അന്വേഷണത്തില്‍ കണ്ടെത്താനായി. വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നും നഗരത്തിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖേന മാത്രമേ പ്രസ് റിലീസുകള്‍ ഇറക്കാറുള്ളൂ എന്നും ട്രാഫിക് എസിപി നിയാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ എവിടേയും സര്‍ക്കുലര്‍ കേരള പൊലീസ് പുറത്തിറക്കിയതാണ് എന്ന് പറയുന്നില്ല.
തലൈവര്‍ 170
'ജയ് ഭീം' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്‍റെ പുതിയ പ്രൊജക്റ്റിന്‍റെ പേരാണ് 'തലൈവര്‍ 170'. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് ആലോചന. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും രജനികാന്ത് ചിത്രം നിര്‍മ്മിക്കുക. അനിരുദ്ധ് ആയിരിക്കും സംഗീത സംവിധായകൻ. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി എന്നിവര്‍ക്ക് പുറമെ ഫഹദ് ഫാസിലും ഈ ചിത്രത്തിലുണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷൻ കിംഗ് അര്‍ജുൻ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് 'തലൈവര്‍ 170'ന്‍റെ പ്രമേയമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജയിലറിന്‍റെ വമ്പന്‍ വിജയത്തിന്‍റെ കരുത്ത് രജനികാന്തിന് തലൈവര്‍ 170'ന് മുമ്പുണ്ട്.
Read more: ഒറ്റപ്രസവത്തില്‍ 9 കുട്ടികള്‍, നിറവയറുമായി ഗര്‍ഭിണി, വീഡിയോ വിശ്വസനീയമോ? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam