
പാലക്കാട്: ചെറാട് മലയിൽ (Cherad Rescue) ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ (Fire and Rescue) വിഭാഗം. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി.
ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ വിയ്യൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറായ റ്റി. അനൂപിന് പകരം ചുമതല നല്‍കി. മലപ്പുറത്തേക്ക് വിയ്യൂര്‍ അക്കാദമിയില്‍ നിന്നുള്ള എസ്.എല്‍. ദിലീപിനെ ജില്ലാ ഫയര്‍ ഓഫീസറായി നിയമിച്ചു. കഞ്ചിക്കോട്,. പാലക്കാട് സ്റ്റേഷന്‍ ഓഫീസർമാരെ പരസ്പരം സ്ഥലം മാറ്റി. പാലക്കാട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ആര്‍. ഹിദേഷിനെ കഞ്ചിക്കോടേക്കും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫീസറായിരുന്ന ജോമി ജേക്കബിനെ പാലക്കാടേക്കും സ്ഥലം മാറ്റി. മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തത്തില്‍ ജില്ലാ ഫയർഫോഴ്സിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നിരുന്നു. ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. മറുപടി ലഭിച്ച ശേഷമാണ് വകുപ്പുതല നടപടി.
Read Also: ബാബുവിനെതിരെ വനംവകുപ്പ് കേസ്
ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്.
ബാബുവിനൊപ്പം മലകയറിയ വിദ്യാത്ഥികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇനിയും ആളുകൾ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ, ഇന്നലെ വീണ്ടും ഒരാൾ മല കയറിയിരുന്നു. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്. ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തിയത്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam