
കൊല്ലം: കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി. പത്തനംതിട്ട, തിരുവനന്തപുരം കളക്ട്രേറ്റുകൾക്ക് പിന്നാലെയാണ് കൊല്ലം കളക്ടർക്ക് ബോംബ് ഭീഷണി ലഭിച്ചത്. ജില്ലാ കളക്ടർ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ വിശദമായ പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കളക്ട്രേറ്റ് പരിസരവും കെട്ടിടവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.
ഇന്ന് രാവിലെ പത്തനംതിട്ട കളക്ട്രേറ്റിലാണ് ആദ്യം ബോംബ് ഭീഷണി നേരിട്ടത്. പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇ-മെയിലിലാണ് രാവിലെ 6:45 ഓടെ ഭീഷണി സന്ദേശം വന്നത്. ജാഗ്രതയുടെ ഭാഗമായി മുഴുവൻ ജീവനക്കാരേയും പുറത്തിറക്കി പോലീസ് പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഇ-മെയിൽ സന്ദേശമാണെന്നും ഉറവിടം ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
ഉച്ചയോടെയാണ് തിരുവനന്തപുരം കളക്ട്രേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശം കിട്ടിയത്. പൊലീസും ബോംബ് സ്ക്വാഡും എത്തി പരിശോധിക്കുന്നതിനിടെ കളക്ട്രേറ്റിന് മുൻവശത്തെ കൂറ്റൻ തേനീച്ച കൂട് ഇളകി. തേനീച്ച കുത്തേറ്റ് ജീവനക്കാരടക്കം പരക്കം പാഞ്ഞു. സബ് കളകട്ർ ഒ.വി. ആൽഫ്രഡിനും തേനീച്ച കുത്തേറ്റു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam