'ഗവ. മെഡിക്കൽ കോളേജിൽ ഹൃദ്രോഗ ചികിത്സ നടത്തിയതാണോ ഞാൻ ചെയ്ത കുറ്റം?' നുണപ്രചാരകര്‍ക്കെതിരെ നിയമ നടപടി, പൊലീസിൽ പരാതി നൽകി ധനമന്ത്രി

Published : Jul 18, 2025, 08:47 PM IST
kn balagopal facebook post

Synopsis

ഫെയ്സ്ബുക്ക് പേജിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പരാതി നൽകിയത്

തിരുവനന്തപുരം: വ്യാജ പ്രചാരണത്തിനെതിരെ പൊലീസിൽ പരാതി നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഹൃദ്രോഗത്തെതുടര്‍ന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് കലയന്താനി കാഴ്ചകള്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടികാണിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പരാതി നൽകിയത്. 

ഒരുവർഷമായി പലരീതിയിൽ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നുവെന്നും എന്നാൽ, സാധാരണക്കാർ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നുണപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പിൽ കെഎൻ ബാലഗോപാൽ പറഞ്ഞു.

കെഎൻ ബാലഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

അങ്ങേയറ്റം തെറ്റായതും ഹീനവുമായ ഒരു പ്രചാരണം എനിക്കെതിരെ നടത്തിയ “കലയന്താനി കാഴ്ചകൾ” എന്ന ഫെയ്സ്ബുക്ക് പേജിനെതിരായി ധനകാര്യവകുപ്പ് മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ ഞാൻ ചികിത്സ തേടിയിരുന്നു. ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി ഞാൻ വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രസ്തുത പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ്.

“അതിസമ്പന്നർ പോലും കിടക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേവലം ഒരു ദിവസം (24 മണിക്കൂർ) കിടന്നവകയിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ എഴുതി വാങ്ങിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുന്നൂറ്റി ഒന്ന് രൂപ (1,91,601/-) ” എന്നാരംഭിക്കുന്ന പോസ്റ്റിൽ പറയുന്ന വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണ്.

2024 മെയ് 12-നായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി പരിശോധനകള്‍ നടത്തിയശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡ്മിറ്റായത്. തുടർപരിശോധനകളിലൂടെ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും മെയ് 14-ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്‍റ് ഇടുകയും ചെയ്തിരുന്നു. പിന്നീട് മെയ് 17-ന് ഡിസ്ചാര്‍ജ്ജാകുകയും ചെയ്തു. എന്നാൽ, ചികിത്സയ്ക്കുശേഷം മെഡിക്കൽ കൊളേജിൽ അടച്ച തുകയുടെ റീ ഇംബേഴ്സ്മെന്‍റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് – സംഘപരിവാർ അനുകൂല സോഷ്യൽമീഡിയാ ഹാൻഡിലുകൾ വഴിയും യൂട്യൂബ് ചാനലുകൾ വഴിയും നടത്തിക്കൊണ്ടിരിക്കുന്നത്.

ആഞ്ജിയോപ്ലാസ്റ്റി നടത്താൻ എപിഎൽ വിഭാഗത്തിൽപ്പെട്ട ആൾക്ക് സർക്കാർ ആശുപത്രിയിൽ ചാർജ്ജ് ചെയ്യുന്ന സാധാരണ തുക മാത്രമാണിത്. മേയ് 12ന് അഡ്മിറ്റ് ആകുകയും 17ന് ഡിസ്ചാർജ് ആകുകയും ചെയ്തതിനെയാണ് വെറും 24 മണിക്കൂർ ചികിത്സ എന്ന് പ്രചരിപ്പിക്കുന്നത്. ഹൃദ്രോഗം പോലെ ഗൗരവതരമായ ഒരു സംഗതിയ്ക്ക്, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതിന്‍റെ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള അനുമതിയുണ്ടായിട്ടും, താരതമ്യേന ചെലവുകുറഞ്ഞ നമ്മുടെ പൊതു ആരോഗ്യസംവിധാനത്തെ ഉപയോഗപ്പെടുത്തിയതാണ് ഞാൻ ചെയ്ത കുറ്റമെന്നാണോ ഈ പ്രചാരണം നടത്തുന്നവർ പറയുന്നത്?

ഹൃദ്രോഗത്തിന് നമ്മുടെ സർക്കാർ ആശുപത്രികളിൽ ഫലപ്രദമായ ചികിത്സയുണ്ടെന്നും അതിനെ സർക്കാരിന്‍റെ ഭാഗമായ ഞാനടക്കമുള്ളവർ വിശ്വസിച്ച് ആശ്രയിക്കുന്നുണ്ടെന്നുമുള്ള പോസിറ്റീവായ സംഗതിയല്ലേ അതിൽ ചർച്ച ചെയ്യേണ്ടത്? ഒരുവർഷമായി പലരീതിയിൽ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാൽ, സാധാരണക്കാർ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നുണപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ