എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജരേഖ ചമച്ച കേസ്; സ്വപ്ന സുരേഷിനെ പ്രതി ചേർത്തു

By Web TeamFirst Published Jul 18, 2020, 10:49 PM IST
Highlights

എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് വ്യാജരേഖ കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. 

തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജരേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. തിങ്കളാഴ്ച കോടതിയിൽ ഇത് സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാറാണ് സ്വപ്നയെ രണ്ടാം പ്രതിയായി ചേർത്തത്. വ്യാജരേഖ, ആ‌ൾമാറാട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി ചേർത്തത്. എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാം പ്രതി. എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കിയെന്നാണ് കേസ്.

അതിനിടെ, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതികളുടെ ഇടപെടലിന്‍റെ നിർണ്ണായക രേഖകൾ പുറത്ത് വന്നു. നയതന്ത്ര ചാനൽ വഴി സ്വർണ്ണം അയക്കാൻ ദുബൈയിലുള്ള മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് ഇന്ത്യ വിട്ട അറ്റാഷെ ആണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നത്. ദുബായ് എമിററ്റ്സ് സ്കൈ കാർഗോയിലേക്ക് അറ്റാഷെ അയച്ച കത്ത് കസ്റ്റംസ് കണ്ടെടുത്തു. വിമാനത്താവളത്തിൽ പിടിച്ചുവെച്ച നയതന്ത്ര ബാഗ് തിരിച്ചയക്കാൻ സ്വപ്ന സുരേഷ് നടത്തിയ കത്തിടപാടിന്‍റെ രേഖയും പുറത്ത് വന്നിട്ടുണ്ട്. 

click me!