ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റ‍ഡിയിൽ; നാളെ കേരളത്തിൽ എത്തിക്കും

Published : Jun 13, 2025, 11:15 AM ISTUpdated : Jun 13, 2025, 12:03 PM IST
liviya jose

Synopsis

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ.

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായിരിക്കുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് പോകുകയായിരുന്നു. ലിവിയയെ നാളെ കേരളത്തിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിനെ പൊലീസ് പിടികൂടിയിരുന്നു. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു. പൊലീസ് ലിവിയക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാന്‍ കാരണമെന്നാണ് നാരായണ ദാസിന്‍റെ മൊഴി. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്. 

ബെംഗളൂരുവില്‍ വെച്ച് ആഫ്രിക്കക്കാരനിൽ നിന്നാണ് ഇവര്‍, ഒറിജിനലാണെന്ന് ഉറപ്പിച്ച് എല്‍എസ്ഡി സ്റ്റാംപുകള്‍ വാങ്ങിയതും ഷീല സണ്ണിയുടെ ബാഗിൽ വെച്ചതും. എന്നാൽ  പൊലീസ്  പരിശോധനക്ക് ശേഷമാണ് തങ്ങള്‍ വാങ്ങിയത് വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണെന്ന് ഇവര്‍ അറിയുന്നത്. സഹോദരിക്ക് അമ്മായിഅമ്മയായ ഷീലയില്‍ നിന്നുണ്ടായ അവഗണനയുടെ പ്രതികാരമായിട്ടാണ് ലിവിയ ഇങ്ങനെ ചെയ്തതെന്നാണ് നാരായണദാസിന്‍റെ മൊഴി. ലിവിയയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. 

2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
ഇടപാടുകാരെന്ന വ്യാജേന ആദ്യം 2 പേരെത്തി, പിന്നാലെ 3 പേർ കൂടി കടയിലേക്ക്, 6 മിനിറ്റിനുള്ളിൽ കവർന്നത് 7 കിലോ സ്വർണം