കേരളത്തിലേക്ക് വ്യാജമരുന്നുകളുടെ ഒഴുക്ക്: വരവ് ഉത്തരേന്ത്യയിലെയും തമിഴ്നാട്ടിലെയും സ്റ്റോക്കിസ്റ്റുകൾ വഴി

By Web TeamFirst Published Nov 3, 2019, 11:19 AM IST
Highlights

ഹൃദ്‍രോഗത്തിനും ജീവിത ശൈലി രോഗങ്ങള്‍ക്കും വിപണിയിൽ വ്യാജ മരുന്ന്. മരുന്ന് എടുത്താൽ ലക്ഷങ്ങളുടെ ലാഭം മോഹനവാഗ്ദാനം ചെയ്ത് കമ്പനികൾ. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

കൊല്ലം/മധുര: സംസ്ഥാനത്ത് വ്യാപകമായ തോതില്‍ വ്യാജ മരുന്നുകളെത്തുന്നു. പ്രമുഖ കമ്പനികളുടെ അതേ ബ്രാന്‍ഡിൽ, തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിൽ ആണ് വ്യാജ മരുന്നുകൾ വിപണിയിൽ വരുന്നത്. തമിഴ്നാട് , ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സബ് സ്റ്റോക്കിസ്റ്റുകള്‍ വഴിയാണ് ഈ വ്യാജന്മാര്‍ കേരള വിപണിയിലെത്തുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. 

സംസ്ഥാനത്തു ഏറ്റവും കൂടുതൽ മരുന്നു വിൽക്കുന്ന കമ്പനിയായ സണ്‍ഫാർമയുടെ കേരളത്തിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം 60 കോടി രൂപ ആയിരുന്നു. എന്നാൽ ഈ വർഷം അതു 5 മുതൽ 10 ശതമാനം വരെ കുറഞ്ഞു . ഇങ്ങനെ 5 കോടി രൂപ മുതൽ 10 കോടി രൂപ വരെ ആണ് പല പ്രമുഖ മരുന്ന് കമ്പനികളുടെയും വാർഷിക നഷ്ടം. കമ്പനികളുടെ കണക്കിൽ 9000 കോടി രൂപയുടെ ബിസിനസ്‌ ഒരു വർഷം നടക്കണം. എന്നാൽ അതു ഇപ്പോൾ 7500 കോടി രൂപയിലും താഴെ ആണ്.

പക്ഷെ, ഇതേ മരുന്നുകളുടെ വില്‍പനയ്ക്ക് കുറവൊന്നുമില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരുടെ സാക്ഷ്യം. പിന്നെങ്ങനെയാണ് കമ്പനികള്‍ വഴിയല്ലാതെ, ബ്രാന്‍ഡഡ് മരുന്നുകള്‍ വിപണയില്‍ എത്തുന്നത് എന്ന അന്വേഷണമാണ് വ്യാജമരുന്നുകളുടെ കുത്തൊഴുക്കിന്‍റെ ഉറവിടത്തിലേക്ക് ഏഷ്യാനെറ്റ് ന്യൂസിനെ എത്തിച്ചത്.

തമിഴ്നാട്ടിന്റെ മണ്ണിലൂടെ ഒരു യാത്ര, തട്ടിപ്പിന്റെ ചുരുളുകൾ ഇങ്ങനെ...

കമ്പനികളുമായി ബന്ധമില്ലാത്ത സ്റ്റോക്കിസ്റ്റുകൾ ആണെന്ന് കണ്ടെത്തിയ മധുര ആസ്ഥാനമായ ശ്രീ മുത്തു മീണ, നാഗർകോവിലിലെ സതേൻ ഏജൻസി,കോയമ്പത്തൂരിലെ ശ്രീകുമരൻ മെഡിക്കൽസ്, തിരുനെൽവേലിയിലെ യാക്കായി ലൈഫ് സയൻസ് എന്നിവിടങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ചു. തമിഴ്നാട്ടിൽ പ്രവര്‍ത്തിക്കുന്ന ചില സബ് സ്റ്റോക്കിസ്റ്റുകൾ വഴിയാണ് കേരളത്തിലെ ചില മരുന്നു കടകളിലേക്ക് വൻ തോതിൽ മരുന്നുകൾ എത്തുന്നതെന്ന ഡ്രഗ്സ് കണ്ട്രോളർ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു യാത്ര. 

മരുന്ന് എടുത്താൽ ലക്ഷങ്ങളുടെ ലാഭം മോഹനവാഗ്ദാനം ചെയ്ത് കമ്പനികൾ കാത്തിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഈ യാത്രയിൽ വ്യക്തമായി. കമ്പനി നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എത്ര വേണമെങ്കിലും മരുന്ന് തയ്യാർ. ചില പ്രമുഖ കമ്പനികളുടെ സ്റ്റോക്കിസ്റ്റുകൾ അല്ലാതെ തന്നെ, വിലക്കുറവില്‍ മരുന്ന് എത്തിച്ച് നല്‍കാനാകുമെന്ന ഉറപ്പും ആകുന്നതോടെ ആണ് തട്ടിപ്പ് വിപണിയിൽ സുലഭമാകുന്നതെന്നും അന്വേഷണത്തിൽ മനസിലായി.

10 ശതമാനമാണ് കമ്പനി , മൊത്തവിതരണ സ്റ്റോക്കിസ്റ്റുകൾക്ക് നല്‍കുന്ന ലാഭം.  റീട്ടെയില്‍ വ്യാപാരിക്ക് കിട്ടുമ്പോള്‍ ഇത് 20 ശതമാനം ആകും . എന്നാൽ അംഗീകാരമില്ലാത്ത സബ് സ്റ്റോക്കിസ്റ്റുകള്‍ വഴി മരുന്നുകളെത്തുമ്പോൾ ഇതിന്‍റെ ഇരട്ടിയിലേറെ ലാഭം ഉറപ്പിക്കാം എന്നതാണ് തട്ടിപ്പിലേക്ക് കമ്പനികളെ നയിക്കുന്നത്.

ഹൃദ്രോഗം , രക്തസമ്മർദം തുടങ്ങി ജീവിതശൈലി രോഗങ്ങളുടെ മരുന്നുകളും പനിക്കുള്‍പ്പെടെ ഉപയോഗിക്കുന്ന മരുന്നുകളിലുമാണ് വ്യാജന്‍റെ വിളയാട്ടം . അംഗീകൃത സ്റ്റോക്കിസ്റ്റുകളല്ലാത്തവരാണ് ഇവ എത്തിക്കുന്നത് .നാഗര്‍കോവില്‍ , മധുര , കോയമ്പത്തൂർ ,കാണ്‍പൂര്‍ , ദില്ലി ,ആഗ്ര എന്നിവിടങ്ങളാണ് ഇവരുടെ ആസ്ഥാനം.

ജിഎസ് ടിയുടെ അടിസ്ഥാനത്തിൽ എവിടെ നിന്നു വേണമെങ്കിലും മരുന്നെടുക്കാം എന്ന പഴുതിലൂടെയാണ് ഗുണമേന്മ ഉറപ്പാക്കാനാവാത്ത ഈ വ്യാജമരുന്നുകള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്നത് .
 

click me!