ഓൺലൈൻ പഠനം; ദേവികയുടെ മരണത്തിൽ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

By Web TeamFirst Published Jun 2, 2020, 1:41 PM IST
Highlights

സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ ഉറപ്പ് നൽകിയത്. പക്ഷെ പലയിടത്തും ക്ലാസ് തുടങ്ങും മുമ്പ് അതുണ്ടായില്ല.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിന് ബദലായി സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ ഓൺലൈൻ പഠനത്തിന്‍റെ മുന്നൊരുക്കത്തിൽ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നു. ഓൺലൈൻ പഠന രീതി പ്രാവര്‍ത്തികമാക്കാൻ ഉദ്ദേശിച്ചതിന് പിന്നാലെ  ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരത്തോളം കുട്ടികൾ സംസ്ഥാനത്ത് ഉണ്ടെന്ന റിപ്പോർട്ട് രണ്ടാഴ്ച മുമ്പ് വന്നിട്ടും ക്ലാസ് തുടങ്ങുന്നത് വരെ  ഇവരുടെ പ്രശ്നം തീർക്കാൻ സർക്കാറിന് കഴിഞ്ഞില്ല. പഠനത്തിനാവശ്യമായ മുന്നൊരുക്കങ്ങളിൽ സർക്കാറിനുണ്ടായ വീഴ്ചയാണ് ദേവികയെന്ന പത്താം ക്ലാസുകാരിയുടെ ആത്മഹത്യയെന്ന ആരോപണവും ഇതോടെ ശക്തമായി. 

പഠനം ഓൺലൈനിലേക്ക് മാറുമ്പോൾ ഉയർന്ന പ്രധാന ആശങ്ക ടിവിയും കമ്പ്യൂട്ടറും സ്മാർട്ട് ഫോണുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യുമെന്നതായിരുന്നു. 2,61,784 കുട്ടികൾ ഇത്തരത്തിൽ  സംസ്ഥാനത്താകെ ഉണ്ടെന്നായിരുന്നു സമഗ്രശിക്ഷാ കേരളയുടെ കണ്ടെത്തൽ. റിപ്പോർട്ട് സർക്കാറിന് നൽകിയത് രണ്ടാഴ്ച മുമ്പ്. ഇത്തരം കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ  സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ ഉറപ്പ് നൽകിയത്. പക്ഷെ പലയിടത്തും ജൂൺ ഒന്നിന് ക്ലാസ് തുടങ്ങും മുമ്പ് അതുണ്ടായില്ല. പഠിക്കാനാഗ്രഹിച്ചിട്ടും അത് കഴിയാതെ വന്നതോടെയാണ് മലപ്പുറത്തെ  ദേവികയുടെ  ആത്മഹത്യയെന്നും സർക്കാർ അനാസ്ഥയല്ലാതെ മറ്റൊരു കാരണവും ഇല്ലെന്നുമാണ്  സ്ഥലം എംഎൽഎയുടെയും പ്രതിപക്ഷപാർട്ടികളുടേയും വിമർശനം

ടിവിയില്ലാത്തവർക്ക് കെഎസ്എഫ്ഇ സഹായത്തോടെ ടിവി വാങ്ങി അയൽപക്ക പഠനകേന്ദ്രത്തിന് നൽകാൻ തീരുമാനമായതും ക്ലാസ് തുടങ്ങിയ ഇന്നലെ മാത്രമാണ്. വീഴ്ച സർക്കാറിന് മാത്രമല്ല, സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളുടെ കാര്യത്തിൽ പ്രധാന അധ്യാപകർ അടക്കം പ്രത്യേക ശ്രദ്ധ നൽകണമെന്ന് സർക്കാർ നി‍ർദ്ദേശം ഉണ്ടായിട്ടും ദേവിക പഠിച്ച സ്കൂൾ അധികൃതർക്കും അത് ഉറപ്പാക്കാൻ  കഴിഞ്ഞില്ല. തദ്ദേശഭരണസ്ഥാപനങ്ങൾക്കുമുണ്ടായിരുന്നു ഉത്തരവാദിത്വം. ദേവികയുടെ മരണത്തിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോർട്ട് തേടി.

click me!