
തൃശൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ മാട്ടുമലയിലെ സ്വകാര്യ ക്രഷറിനെതിരെ പരാതിപ്പെടുന്നവരുടെ പേരില്‍ കള്ളക്കേസെടുക്കന്നതായി ശാസ്ത്ര സാഹിത്യ പരിഷത്ത്. നിബന്ധനകള്‍ ലംഘിച്ചാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെതിരെ 2019 മുതല്‍ ശാസ്ത്രസാഹിത്യപരിഷത്ത് സമരത്തിലാണെന്നും പരിഷത്ത് പ്രവര്‍ത്തകരായ അഞ്ച് പേരുടെ പേരില്‍ ക്രഷര്‍ ഉടമയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പൊലീസ് കേസ് എടുത്തതെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിഷത്ത് കൊടകര മേഖല പരിസരം വിഷയ സമിതി കണ്‍വീനറായ പിഎന്‍ ഷിനോഷിനെതിരെ രണ്ടുതവണ കേസെടുത്തിരുന്നു. എന്നാല്‍ ക്രഷര്‍ യൂണിറ്റുമായി ബന്ധപ്പെട്ട നാലുപേര്‍ ഷിനോഷിനെ ആക്രമിച്ചിട്ടും അതിനെതിരെ കേസെടുക്കുന്നതിനുപകരം ഷിനോഷിനെതിരെ കേസെടുക്കുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്നത്തെ പുതുക്കാട് എസ്എച്ച്ഒ കൈക്കൂലി വാങ്ങിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്നുവെന്നും പരിഷത്ത് ആരോപിച്ചു. ഷിനോഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പുതുക്കാട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കി വീണ്ടും അന്വേഷിക്കാന്‍ ജില്ല ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നു.
നാട്ടുകാര്‍ക്കു മുന്നില്‍ വെച്ച് നടന്ന സംഭവങ്ങളില്‍ നിഷ്പക്ഷരായ ഒരു സാക്ഷിയുടെ പോലും മൊഴിയെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും പരിഷത്ത് ആരോപിച്ചു. പരിഷത്ത് കൊടകര മേഖല കമ്മിറ്റി സെക്രട്ടറി എടി ജോസ്, കെകെ അനീഷ് കുമാര്‍, എം മോഹന്‍ദാസ്, കെജി ലിപിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.