
കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടന്‍റെ സഹോദരനാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയിൽ പറയുന്നത്.തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ റാപ്പര്‍ വേടനും കോടതിയിൽ വാദിച്ചിരുന്നു.കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും വേടന്‍റെ സഹോദരൻ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുടുംബം മാനസികമായി ബുദ്ധിമുട്ടുന്നതിനെ കുറിച്ചാണ് അതിൽ എഴുതിയതെന്നും ഹരിദാസ് പറഞ്ഞു.