
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്. എറണാകുളം കാക്കനാട് എഎംവിഐ ബിനുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ രാത്രി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. നാട്ടുകാരുമായി തര്‍ക്കിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. തോപ്പിൽ ജങ്ഷനിൽ വെച്ചാണ് സംഭവം. ഇവിടെ മത്സ്യ വിൽപ്പന നടത്തുകയായിരുന്ന ദമ്പതികളുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. ഇവിടെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന മത്സ്യങ്ങള്‍ അടങ്ങിയ ബോക്സ് വിൽപ്പനക്കായി തട്ടിലേക്ക് മാറ്റുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ബിനു സ്വകാര്യ വാഹനത്തിൽ ഇവിടേക്ക് വന്നു.
ഓട്ടോയിൽ മീനുകള്‍ അടങ്ങിയ ബോക്സുകള്‍ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്നും 5000 രൂപ പിഴ ഈടാക്കുമെന്നും ബിനു പറഞ്ഞു. എന്നാൽ, ഡ്യൂട്ടിയില്‍ അല്ലാതെ മദ്യപിച്ചാണ് ഉദ്യോഗസ്ഥൻ എത്തിയതെന്ന് മനസിലായതോടെ നാട്ടുകാരുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഉദ്യോഗസ്ഥനെ പൊലീസ് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. തൃക്കാക്കര പൊലീസെത്തി ഉദ്യോഗസ്ഥനെ പരിശോധിച്ച് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. ഉദ്യോഗസ്ഥൻ മദ്യപിച്ചെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam