7 വർഷത്തിനിപ്പുറവും തീരാത്ത ദുരൂഹത; 26-ാം ജന്മ ദിനത്തിൽ മിഷേൽ ഷാജിയുടെ കല്ലറയ്ക്കു മുന്നിൽ പ്രതിഷേധം

Published : Jan 19, 2025, 11:44 AM ISTUpdated : Jan 19, 2025, 01:57 PM IST
7 വർഷത്തിനിപ്പുറവും തീരാത്ത ദുരൂഹത; 26-ാം ജന്മ ദിനത്തിൽ മിഷേൽ ഷാജിയുടെ കല്ലറയ്ക്കു മുന്നിൽ പ്രതിഷേധം

Synopsis

ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസ് തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ നീതിക്കായി മിഷേലിന്‍റെ കുടുംബം ഇന്നും പോരാടുകയാണ്.

കൊച്ചി: മിഷേല്‍ ഷാജിയെ മലയാളികളാരും മറക്കില്ല. കൊച്ചിക്കാരിയായ സിഎ വിദ്യാർത്ഥി എഴ് വര്‍ഷത്തിനിപ്പുറവും സിഎ വിദ്യാര്‍ഥിയുടെ മരണം ദുരൂഹമായി തന്നെ തുടരുകയാണ്. ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസ് തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ നീതിക്കായി മിഷേലിന്‍റെ കുടുംബം ഇന്നും പോരാടുകയാണ്. ഇരുപത്തിയാറാം ജൻമ ദിനത്തിൽ മിഷേലിന്റെ മാതാപിതാക്കൾ കല്ലറയ്ക്കു മുന്നിൽ പ്രതിഷേധമിരിക്കുകയാണ്.

ഏഴ് വര്‍ഷം കഴിഞ്ഞു ഇന്നും ഷാജി വര്‍ഗീസിന്‍റെ കണ്ണുകളിലുണ്ട്, സ്വന്തം ചോരയെ നഷ്ടപ്പെട്ടതിന്‍റെ തീരാവേദന. വളര്‍ത്തി വലുതാക്കിയ മകള്‍ ഒപ്പമില്ലെന്ന യാഥാര്‍ഥ്യം ഈ നിമിഷവും എണ്ണയ്ക്കാപ്പിള്ളില്‍ കുടുംബത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. പിറവം മുളക്കുളം വടക്കേക്കര എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്‍റെയും ഷൈലമ്മയുടെയും മകളായ മിഷേല് ഷാജി, കച്ചേരിപ്പടി സെന്‍റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സിഎ പഠനം തുടകുയായിരുന്നു.

2017 മാര്‍ച്ച് 4ന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥിച്ച് മടങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളിലാണ് മിഷേലിനെ അവസാനമായി ജീവനോടെ കണ്ടത്. പിറ്റേദിവസം ഐലന്‍ഡിലെ വാര്‍ഫിനോട് ചേര്‍ന്ന് കൊച്ചി കായലില്‍ മിഷേലിന്‍റെ മൃതദേഹം പൊങ്ങി. ഗോശ്രീ പാലത്തിന്‍റെ ഭാഗത്തേക്ക് മിഷേല്‍ നടന്നു പോകുന്നുവെന്ന തരത്തിലൊരു സിസിടിവി ദൃശ്യം പിന്നാലെ പുറത്തുവന്നു. മിഷേലിനെ പാലത്തിനടുത്ത് കണ്ടെന്ന സാക്ഷിമൊഴിയും ഉണ്ടായി. ഇതെല്ലാം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ  പാലത്തിന് മുകളില്‍ നിന്ന് കായലിലേക്ക് ചാടി മിഷേല്‍ ജീവനൊടുക്കിയെന്നായിരുന്നു ലോക്കല്‍ പൊലീസിന്‍റെ കണ്ടെത്തല്‍.

ഇത് പാടേ തള്ളിയ കുടുംബം മകള്‍ ജീവനൊടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. മിഷേലിന്‍റെ മൃതദേഹത്തില്‍ നിന്ന് തുടങ്ങുന്നു കുടുംബത്തിന്‍റെ സംശയങ്ങള്‍. ശരീരത്തില്‍ ആരോ ബലമായി പിടിച്ചതിന്‍റെ പാടുകള്‍, മുഖത്ത് നഖം ആഴത്തില്‍ ഇറങ്ങിയതിന്‍റെ പാട്, ചുണ്ടുകള്‍ മുറിച്ചതിന്‍റെ പാട് , ഒരു കമ്മല്‍ ചെവിയില്‍ നിന്ന് വലിച്ച് പറച്ച അവസ്ഥയിലായിരുന്നു. വലതു കയ്യില്‍ നാല് വിരല്‍പാടുകള്‍ ആരോ വലിച്ച് പിടിച്ച് അമര്‍ത്തിയ അവസ്ഥയില്‍ കണ്ടു. ഇതൊന്നും പക്ഷെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഇതൊന്നുമില്ല, ഇതൊക്കെ ആരുടെയോ സമ്മര്‍ദ്ദത്തില്‍ തിരുത്തിയെന്ന് കുടുംബം വിശ്വസിക്കുന്നു.

പള്ളിയില്‍ നിന്ന് മിഷേല്‍ ഇറങ്ങിയതിന് പിന്നാലെ രണ്ടുപേര്‍ ബൈക്കില്‍ പോകുന്നത് കണ്ടിരുന്നു ഇവരെ കുറിച്ച് അന്വേഷിച്ചില്ല. ദുര്‍ബലമായൊരു സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് മിഷേല്‍ ഗോശ്രീ രണ്ടാം പാലത്തില്‍ നിന്ന് ചാടി മരിച്ചതെന്ന് പൊലീസ് തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ആത്മഹത്യക്കപ്പുറം പുതിയതൊന്നും കണ്ടെത്തിയില്ല. മകള്‍ക്ക് നീതി കിട്ടാന്‍ സിബിഐ വരണമെന്നാവശ്യപ്പെട്ട് മരണം നടന്ന് രണ്ടാംവര്‍ഷം കുടുംബം തെരുവിലിറങ്ങി. ജനപ്രതിനിധികളടക്കം പ്രതിഷേധത്തിന് നേതൃത്വം നല്‍കി

പക്ഷേ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കോടതിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ചിലത് വീണ്ടും അന്വേഷിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കോടതി ഉത്തരവിട്ടു. മിഷേലിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ ക്രോണന്‍ അലക്സാണ്ടറിന്‍റെ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട എസ്എംഎസുകള്‍ വീണ്ടെടുക്കാനുള്ള സാധ്യതകള്‍ ഒരിക്കല്‍കൂടി പരിശോധിക്കണമെന്നായിരുന്നു നിർദേശം. 60 എസ് എസ്എംഎസുകളാണ് മിഷേലിന്‍റെ സുഹൃത്തായ യുവാവ് ഡിലീറ്റ് ചെയ്തത്. 

രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നാണ് മിഷേല്‍ ചാടിയതെന്നതിന് വ്യക്തമായ തെളിവില്ലാത്തതുകൊണ്ട് ഒന്നും രണ്ടും പാലങ്ങളുടെ പരിസരത്ത് പരിശോധന നടത്തണം. രണ്ടിടങ്ങളില്‍ നിന്നുള്ള വെള്ളത്തിന്‍റെ സാംപിളുകളുമെടുത്ത് ഡയറ്റം പരിശോധന നടത്തണം. മൃതദേഹം ഒഴുകി ഐലന്‍ഡിലെ വാര്‍ഫിലെത്തിയെന്ന നിഗമനം ഉറപ്പിക്കാന്‍ വേലിയേറ്റ വേലിയിറക്ക സമയങ്ങളിലെ ടൈഡല്‍ സര്‍ക്കിളുകളുടെ എണ്ണം കണക്കിലെടുത്ത് ഒരിക്കല്‍ കൂടി വിലയിരുത്തണം. പക്ഷേ ക്രൈംബ്രാഞ്ചിനെ വീണ്ടും എല്‍പ്പിച്ചിട്ട് എന്ത് കാര്യമെന്ന് ചോദിക്കുകയാണ് മിഷേലിന്‍റെ അച്ഛന്‍

വൈകിയ നീതി എന്നും നീതി നിഷേധമാണ്. ഇന്നും നീതിക്കുവേണ്ടിയുള്ള ചോദ്യങ്ങളാണ് മിഷേലിന്‍റെ കുടുംബം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് തൃപ്തികരമായൊരുത്തരം നല്‍കാനെങ്കിലും നമ്മുടെ പൊലീസിനും കോടതിക്കും കഴിയണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും