പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആസ്തികള്‍ പുതിയ രണ്ട് സംഘടനകള്‍ക്കായി വീതം വയ്ക്കും. സംഘടന തലത്തിൽ മാറ്റവരുന്നതോടെ ഇവർക്ക് കീഴിലുണ്ടായിരുന്ന സഹകരണ സംഘങ്ങളുടെ ഭരണ സമിതിയും മാറ്റമുണ്ടാകും.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സംഘടനകളെ പൊളിച്ചു പണിത് സർക്കാർ. ഇനി മുതൽ പൊലീസ് അസോസിയേഷനും സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രം. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പിരിച്ചു വിട്ടു. നടപടിക്കെതിരെ നിലവിലെ ഭാരവാഹികൾ ഡിജിപിക്കും സർക്കാരിനും പരാതി നൽകി.

1979ലാണ് പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, സീനിയർ പൊലീസ് അസോസിയേഷൻ എന്നീ സംഘടനകള്‍ക്ക് സർക്കാർ പ്രവർത്തന അനുമതി നൽകിയത്. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ വരെയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ഗ്രേഡ് എസ്ഐമാർ മുതൽ ഇൻസ്പെക്ടർമാർ വരെയാണ് ഓഫീസേഴ്സ് അസോസിയേഷൻ, ഡിവൈഎസ്പിമാർ മുതൽ നോണ്‍ ഐപിഎസ് എസ്പിമാർ വരെ സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലുമായിരുന്നു.

ഈ ഘടന പൊളിച്ചു. 25 വർഷമാകുമ്പോഴാണ് ഒരു പൊലീസുകാരനെ ഗ്രേഡ് എസ്ഐയാക്കുന്നത്. പൊലീസുകാരുടെ സർവ്വീസ് പ്രശ്നങ്ങള്‍ തന്നെയാണ് ഗ്രേഡ് എസ്ഐമാർക്കമുള്ളതെന്നാണ് സർക്കാർ വിലയിരുത്തൽ. അതിനാല്‍ ഗ്രേഡ് എസ്ഐമാരെ കൂടി. പൊലീസ് അസോസിയേഷൻെ ഭാഗമാക്കി. നേരിട്ട് നിയമനം ലഭിക്കുന്ന എസ്ഐമാർ മുതൽ എസ്പിമാർവരെ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനുമായിരിക്കും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. ഘടനമാറ്റത്തെ ഡിവൈഎസ്പിമാരും എസ്പിമാരും എതിർത്തിരുന്നു.

പക്ഷെ സർക്കാർ വഴങ്ങിയില്ല. ഇടതു അനുഭാവികളായ ഉദ്യോഗസ്ഥരാണ് മൂന്നു സംഘടനകളുടെയും തലപ്പത്തുള്ളത്. ഇത് പൊളിച്ചടുക്കാൻ കൂടിയായിരുന്നു സർക്കാർ നീക്കം. സെപ്തംബർ 30ന് മുമ്പ് രണ്ട് സംഘടനകള്‍ക്കും പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിലൂടെ വരുണമെന്നാണ് സർക്കാർ ഉത്തരവ്. സംഘടനകളുടെ നിയന്ത്രണം പിടിക്കാനായി സ്റ്റേഷനുകളിൽ സ്ഥലമാറ്റങ്ങൾ നടക്കുകയാണ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആസ്തികള്‍ പുതിയ രണ്ട് സംഘടനകള്‍ക്കായി വീതം വയ്ക്കും. സംഘടന തലത്തിൽ മാറ്റവരുന്നതോടെ ഇവർക്ക് കീഴിലുണ്ടായിരുന്ന സഹകരണ സംഘങ്ങളുടെ ഭരണ സമിതിയും മാറ്റമുണ്ടാകും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming