
കൊച്ചി: എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ അഞ്ചംഗ കുടുംബത്തെ കാണാതായിട്ട് നാലു വർഷം. തമിഴ്‌നാട് സ്വദേശികളായ കുടുംബത്തെ വീടുപണി നടക്കുന്നതിനിടെയാണ് കാണാതായത്. 2500 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള വീടിപ്പോൾ കാട് കയറി നശിക്കുകയാണ്. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാണ് സംഭവത്തിൽ നാട്ടുകാരുടെ ആക്ഷേപം.
പണി പൂർത്തിയാകാറായ വലിയ വീട്ടുമുറത്ത് ഇന്നോവ കാറുമിട്ടാണ് ചന്ദ്രൻ എന്ന വ്യക്തിയും കുടുംബവും ഇവിടെ നിന്ന് പോയത്. തമിഴ്‌നാട് സ്വദേശികളായ ഇവരെ കുറിച്ച് തമിഴ്‌നാട്ടിലെ മേൽവിലാസത്തിൽ അന്വേഷിച്ചെങ്കിലും ഒരു അറിവുമില്ലെന്ന് നാട്ടുകാർ പറയുന്നു. ഏഴ് സെന്റ് വസ്തുവും വീടും കാറും ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കേരളം ഇഷ്ടമായി ഇവിടെ താമസമാക്കുന്നുവെന്ന് പറഞ്ഞാണ് 2018ൽ ചന്ദ്രൻ വരാപ്പുള ഒളനാടിൽ സ്ഥലം വാങ്ങി വീട് വെച്ചത്. ആ വീടിപ്പോൾ കാട് കയറി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി. കൊച്ചിയിൽ വസ്ത്രവ്യാപാര കച്ചവടം നടത്തുന്ന ചന്ദ്രൻ 2500 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള വീടാണ് നിർമ്മിച്ചത്.
ഈ വീടിന്‍റെ 80 ശതമാനം പണി പൂർത്തിയായപ്പോഴാണ് ആ വർഷം ഓഗസ്റ്റിൽ പ്രളയമുണ്ടായത്. അതിന് ശേഷവും ചന്ദ്രൻ ഇവിടെ എത്തിയിരുന്നു. എന്നാൽ നാട്ടിൽ പോയി ദിവസങ്ങൾക്കുള്ളിൽ മടങ്ങി വരാമെന്ന് പറഞ്ഞ് ചന്ദ്രൻ കാറും ഇവിടെ ഇട്ട് പോയി. പക്ഷേ 4 വർഷം കഴിഞ്ഞിട്ടും ഇവരെ പറ്റി ഒരു വിവരവുമില്ല. വസ്തു വാങ്ങിയ സമയത്ത് നൽകിയ തിരിച്ചറിയൽ രേഖയിലെ മേൽവിലാസത്തിൽ സോഴവാരം, തിരുവേർക്കാട് എന്നായിരുന്നു. ഭാര്യയുടെ പേര് കണ്ണകി എന്നും.
പലതവണ നാട്ടുകാർ ഫോണിൽ ബന്ധപ്പെട്ടിട്ടും ഒരു വിവരവുമില്ല. തുടർന്ന് നാട്ടുകാർ നേരിൽ പോയി അന്വേഷിച്ചിട്ടും ഒരു സൂചനകളും കണ്ടെത്താനായില്ല. രണ്ട് വട്ടം നാട്ടുകാർ വരാപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നടപടികളും എങ്ങുമെത്തിയില്ല. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന കുടുംബം എവിടെ പോയി എന്നതിൽ വ്യക്തത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam