ഫാത്തിമ ലത്തീഫ് മരിച്ചിട്ട് രണ്ട് വർഷം: സിബിഐ അന്വേഷണം മന്ദഗതിയിൽ, നീതി കിട്ടാതെ കുടുംബം

By Asianet MalayalamFirst Published Nov 6, 2021, 12:35 PM IST
Highlights

ഫാത്തിമയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല

ചെന്നൈ: മദ്രാസ് ഐഐടിയിലെ (madras IIT) വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിൻ്റെ (Fathima latheef) മരണത്തിൽ നീതി തേടി കുടുംബത്തിൻ്റെ കാത്തിരിപ്പ് തുടരുന്നു. ഫാത്തിമ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണം (CBI Probe) എങ്ങുമെത്താതെ പോയതിലെ വേദനയിലാണ് ഫാത്തിമയുടെ വീട്ടുകാർ. ഫാത്തിമയുടെ മരണത്തിൽ നീതി തേടിയുള്ള യാത്രയിൽ ഒപ്പം നിന്നത് കൊല്ലത്തെ മാധ്യമപ്രവർത്തകർ മാത്രമാണെന്നും തങ്ങൾ ഇപ്പോഴും ഇരുട്ടിലാണെന്നും ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് (abdul latheef) പറഞ്ഞു.  

ഫാത്തിമയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. അന്വേഷണം എവിടെയെത്തി എന്നറിയില്ല. സി.ബി.ഐ ഉദ്യോഗസ്ഥർ തങ്ങളെ ബന്ധപ്പെടുന്നില്ല. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് 3 മാസം മുൻപ് രാജി വെച്ച അധ്യാപകൻ്റെ രാജിക്കത്തിൽ എൻ്റെ മകളുടെ പേരുണ്ട്.  എന്നാൽ അതിൻ്റെ വിശദാംശങ്ങൾ അറിയില്ല.  വിഷയത്തിൽ ഇടപെടൽ തേടി മുഖ്യമന്ത്രിയേയും ഗവർണറേയും കാണും. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വീണ്ടും കത്തയക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ ചെന്നൈയിലെത്തി കാണുമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. 

കേസ് അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞായിരുന്നു സിബിഐ സംഘം ഫാത്തിമ ലത്തീഫിൻ്റെ മൊഴിയെടുക്കാൻ കൊല്ലത്തെ വീട്ടിൽ എത്തിയത്.  മാതാപിതാക്കളുെ മൊഴിരേഖപ്പെടുത്തിയശേഷം  അവർ മടങ്ങി. ഫോൺ രേഖകൾ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കിട്ടാന്‍ വൈകുമെന്നാണ് ഉദ്യോഗസ്ഥര്‍ ഫാത്തിമയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. 

ഫത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍.  തമിഴ്നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി  ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നൽകിയിരുന്നു.

ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി അഭ്യന്തര സമിതി റിപ്പോര്‍ട്ട് നൽകിയത്. മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം ആത്മഹത്യക്ക് കാരണമായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് ഐഐടി ഈ റിപ്പോര്‍ട്ട് നല്‍കി. അധ്യാപകരെ കുറ്റവിമുക്തരാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നാണ് ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നത്.

പഠിക്കാന്‍ സമര്‍ഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ കാര്യമായി മാര്‍ക്ക് കുറഞ്ഞു.ഇതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മതപരമായ വേര്‍തിരിവ് അടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ കൂടി നിഷേധിച്ചാണ് ഐഐടി ഡയറ്കടര്‍ ഭാസ്കര്‍ രാമമൂര്‍ത്തിയുടെ റിപ്പോര്‍ട്ട്. ഐഐടിയില്‍ നേരത്തെ സംഭവിച്ച ആത്മഹത്യകളും  വ്യക്തിപരമായ മനോവിഷമം കാരണമെന്നാണ് ആറിപ്പോർട്ടിലെ  വിശദീകരണം.
 
ഐഐടിയിലെ അധ്യാപകൻ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണമെന്ന മൊബൈലിലെ ആത്മഹത്യാകുറിപ്പ് ഫോറന്‍സിക് സംഘം സ്ഥരീകരിച്ചിരുന്നു. രോഹിത്ത് വെമുലയുടേതും മനോവിഷമം കാരണമുള്ള ആത്മഹത്യയെന്നായിരുന്നു അന്ന് ഹൈദരാബാദ് സര്‍വ്വകലാശാല റിപ്പോര്‍ട്ട്. 

click me!