കണ്ണൂരിലെ കെട്ടിടം കരാറുകാരന്റെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം

By Web TeamFirst Published Sep 7, 2019, 3:10 PM IST
Highlights

നൽകാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോൾ എല്ലാ കോൺ​ഗ്രസ് നേതാക്കളും ഒഴിവുകഴിവുകൾ പറഞ്ഞെന്നും കുടുംബം പറയുന്നു. 

കണ്ണൂർ: കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരൻ ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സംഭവ ദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നു വെച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തുന്നു. രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിൽ കണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നുണ്ട്.  

നൽകാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോൾ എല്ലാ കോൺ​ഗ്രസ് നേതാക്കളും ഒഴിവുകഴിവുകൾ പറഞ്ഞെന്നും കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആവശ്യപ്പെട്ടു. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പദയാത്ര സംഘടിപ്പിക്കുമോ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. 

രണ്ടുദിവസം മുമ്പാണ് ജോയിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സാമ്പത്തികബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ  കണ്ടെത്തിയത്.  പണം ലഭിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചില ചർച്ചകൾ നടന്നിരുന്നു. ഇതിനു ശേഷം ജോയിയെ കാണാതാവുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെ നിന്ന്  പൊലീസ്  കണ്ടെത്തിയിരുന്നു. 
 

click me!