
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ രണ്ട് തവണ ഉൾപ്പെട്ടിട്ടും കിടപ്പാടമില്ലാതെ പത്തനംതിട്ടയിലെ ഒരു കുടുംബം. ഓമല്ലൂർ സ്വദേശി ബിനോയ് മാത്യുവാണ് പഞ്ചായത്തിന്റെ പട്ടികയിൽ ഒന്നാം പേരുകാരനായിട്ടും ഇതുവരെ വീട് കിട്ടാതെ ബുദ്ധിമുട്ടുന്നത്.
ആറന്മുള നിയോജക മണഡലത്തിലെ ഓമല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് സ്വദേശിയാണ് ബിനോയ് മാത്യു. കൂലിപ്പണിക്കാരനായ തുച്ഛമായ വരുമാനം കൊണ്ടാണ് ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ് കൂടുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഭാര്യ ഗിരിജയ്ക്കും മക്കൾ ബിബിനും ജോബിക്കും ഒപ്പം ഒരു കുടിലിലാണ് താമസം. മഴ പെയ്താൽ ചോരാതിരിക്കാൻ മകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്.
അകത്ത് സ്ഥലം ഇല്ലാത്തത്കൊണ്ട് കഞ്ഞിക്കലവും ചട്ടിയും കുടവുമെല്ലാം പുറത്താണ്. ആകെയുള്ള ഒരു എൽഇഡി ബൾബിന്റെയു ഫാനിന്റെയും ബലത്തിലാണ് നാല് ജീവനുകൾ അന്തിയുറങ്ങുന്നത്. അടച്ചുറപ്പുള്ള വീടിന് വേണ്ടി ഗിരിജ മുട്ടാത്ത വാതിലുകൾ ഇല്ല. ഒടുവിൽ ലൈഫ് പദ്ധതി പട്ടികയിൽ ഇടംപിടിച്ചുവെങ്കിലും വീട് ലഭിച്ചില്ല.
"ആദ്യം റേഷൻ കാർഡ് ഇല്ലായിരുന്നു. അന്ന് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോ, കാർഡ് ഉള്ളവർക്ക് ആദ്യം കൊടുക്കും അതു കഴിഞ്ഞിട്ട് അടുത്ത ഘട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്താമെന്നാണ് പറഞ്ഞത്. റേഷൻ കാർഡ് എപ്പോൾ കൊണ്ടുവന്നാലും ഞങ്ങളെ തന്നെ ആദ്യം ഉൾപ്പെടുത്തുമെന്നും പറഞ്ഞു. കാർഡ് ശരിയായപ്പോഴേക്കും പദ്ധതിയിലെ എല്ലാവര്‍ക്കും വീട് കൊടുത്ത് കഴിഞ്ഞു. അതിലും ഞങ്ങളെ ഉൾപ്പെടുത്തിയില്ല. അടുത്തതിലെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളിപ്പോൾ", ഗിരിജ പറയുന്നു.
കുടുംബ വിഹിതത്തിൽ കിട്ടിയ അഞ്ച് സെന്റ് സ്ഥലത്ത് നിന്ന് എപ്പോൾ വേണമെങ്കിലും നിലം പൊത്താറായ കൂരയും നോക്കി ബിനോയിയും ഗിരിജയും കനിവിനായി കാത്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam