
ദില്ലി: പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ദില്ലി സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പ്രഭ, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആകസ്മികം എന്ന ഓർമ്മക്കുറിപ്പിന് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. 1951 ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ദില്ലിയിലെത്തി. ഏഴ് പതിറ്റാണ്ടുകാലം ദില്ലി മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു ഓംചേരി എൻ എൻ പിള്ള. ഞായറാഴ്ച രാവിലെ 10 മണിമുതൽ 2 മണി വരെ ട്രാവൻകൂർ ഹൗസിൽ പൊതുദർശനം ഉണ്ടാകും.
ദില്ലിയെന്ന മഹാനഗരത്തില്‍ മലയാളികളുടെ മേല്‍വിലാസമായിരുന്നു ഓംചേരി എന്‍എന്‍ പിള്ള. കേരളത്തിന് പുറത്ത് മലയാളത്തെ വളര്‍ത്തിയ ഓംചേരി സാഹിത്യത്തിലും നാടകത്തിലും ഏഴ് പതിറ്റാണ്ട് നീണ്ട സപര്യ അവസാനിപ്പിച്ചാണ് വിടവാങ്ങുന്നത്. ഊതിക്കാച്ചിയ പൊന്നുപോലെ എന്നും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടുന്ന സര്‍ഗവൈഭവം. നോവലുകള്‍, നാടകങ്ങള്‍, ചെറുവിതകള്‍ അങ്ങനെ 7 പതിറ്റാണ്ടിനിടെ നടത്തിയ സര്‍ഗ രചനകളുടെ കണക്ക് കൈവശമില്ലെന്ന് ഓംചേരി തന്നെ പറയുമായിരുന്നു. വൈക്കത്തെ ഓഞ്ചേരിയെന്ന വീട്ടുപേര് പേരിനോട് ചേര്‍ത്ത് ദില്ലിക്കെത്തിയത് ആകസ്മികമായിരുന്നുവെന്ന് ആകസ്മികം എന്ന ആത്മകഥാംശമുള്ള ഓര്‍മ്മക്കുറിപ്പില്‍ ഓംചേരി എഴുതി.
പ്രാഥമിക വിദ്യഭ്യാസം വൈക്കത്ത് മൂത്തേടത്ത് കാവെന്ന ചെറിയ ഗ്രാമത്തില്‍ അവിടെ നിന്ന് ആലുവ ആദ്വൈതാശ്രമത്തില്‍, കോട്ടയം സിഎംഎസ് കോളേജ് പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആ യാത്ര അവസാനിക്കുന്നത് ദില്ലിയില്‍. ദില്ലി കണ്ട് തിരിച്ചുപോകാനെത്തിയ ഓംചേരി എഴുപത് വര്‍ഷത്തിലേറെ ദില്ലിയില്‍ കഴിഞ്ഞു. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി. അതിനിടെ പെന്‍സില്‍വാനിയ, ന്യൂമെക്സിക്കന്‍ സര്‍വകലാശാലകളില്‍ നിന്നായി മാസ് കമ്യൂണിക്കേഷനിലും പഠനം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്തകളുടെ സെന്‍സറിംഗിന് നിയോഗിക്കപ്പെട്ട ഓംചേരി ചെയ്തത് മറ്റൊന്നാണ്.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എകെജിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നുവെന്ന നാടകം രചിച്ചു. ദില്ലി മലയാളികളുടെ സാംസ്കാരിക ജവിതത്തിലേക്കുള്ള ചുവടുവെയ്പ് അവിടെത്തുടങ്ങുന്നു, അധിനിവേശം, മിണ്ടാപ്പൂച്ചകള്‍, പ്രളയം അങ്ങനെ നാടകങ്ങള്‍, ഇതിന് പുറമെ 8 ഏകാംഗ നാടകങ്ങള്‍, ലേഖനങ്ങള്‍, പഠനം അങ്ങനെ ആ തൂലിക നിരന്തരം ചലിച്ചുകൊണ്ടിരുന്നു. വിശ്രമജീവിതം നയിക്കുന്നതിനിടെ പ്രായം വെറും നമ്പര്‍മാത്രമാണെന്ന് തെളിയിച്ച് തൊണ്ണൂറ്റിയഞ്ചാം വയസില്‍ നിയമപഠനത്തിനും സമയം കണ്ടെത്തി. സൗഹൃദ സദസുകളില്‍ നൂറാം വയസിലും ഓംചേരി സജീവമായിരുന്നു. നിഴലുപോലെ ഒപ്പമുണ്ടായിരുന്ന ഭാര്യ ലീലാ ഓംചേരി കഴിഞ്ഞ വര്‍ഷം വിടവാങ്ങിയത് ഓംചേരിയെ തളര്‍ത്തി. സുധാംശു ത്രീവേദിയുടെ ഭാസനാടക സര്‍വസ്വം എന്ന കൃതി ചെറു നാടകങ്ങളാക്കി മാറ്റുന്നതിനിടെയാണ് ഈ വിടവാങ്ങല്‍. തികച്ചും ആക്സമികമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam