
മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ ഹണി ട്രാപ്പ് കെണിയിൽ പെടുത്തിയത് സുഹൃത്തിന്റെ മകളായ ഫർഹാനയൊരുക്കിയ കെണി. മുൻപ് ഗൾഫിലായിരുന്ന സിദ്ധിഖും ഫർഹാനയുടെ പിതാവും ഏറെക്കാലം മുന്നേ സുഹൃത്തുക്കളാണ്. ഫർഹാനയും സിദ്ധിഖും തമ്മിൽ പരിചയപ്പെട്ടത് ഈ ബന്ധത്തിന്റെ പുറത്താണ്. പിന്നീട് ഇവർ തമ്മിലുണ്ടായ സൗഹൃദമാണ് സിദ്ധിഖിനെ ഹണി ട്രാപ്പ് കുരുക്കിൽ വീഴ്ത്തിയതും ജീവനെടുത്തതും.
ഫർഹാനയാണ് സിദ്ധിഖിന് ഷിബിലിയെ പരിചയപ്പെടുത്തിയത്. ഫർഹാന പറഞ്ഞിട്ടാണ് ഷിബിലിക്ക് സിദ്ധിഖ് ജോലി നൽകിയത്. സിദ്ധിഖിനൊപ്പം ജോലി ചെയ്ത കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ എടിഎം പാസ്‌വേർഡുകളും യുപിഐ പാസ്‌വേർഡുകളും ഷിബിലി മനസിലാക്കിയിരുന്നു. ഇതിനെല്ലാം പുറകെയാണ് ഷിബിലിയെ ജോലിയിൽ നിന്ന് പറഞ്ഞ് വിട്ടത്.
Read More: ഫർഹാന പഠിക്കാൻ മിടുക്കി, മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്ത്; ഷിബിലിയെ കുറ്റപ്പെടുത്തി ഉമ്മ
എന്നാൽ പ്രതികളൊരുക്കിയ കെണി സിദ്ധിഖിനെ കാത്തിരിക്കുകയായിരുന്നു. മെയ് 18 ന് ഹോട്ടലിൽ സിദ്ധിഖി മുറിയെടുത്തത് ഫർഹാന എത്തുമെന്ന ഉറപ്പിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ സിദ്ധിഖിനെ ഈ മുറിയിൽ വെച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി കൈയ്യിലൊരു കത്തിയുമായി ഷിബിലിയും ആഷിക്കും ഫർഹാനയ്ക്കൊപ്പം ഹോട്ടൽ മുറിയിലെത്തി. സിദ്ധിഖ് പ്രതിരോധിച്ചാൽ തിരിച്ചടിക്കാൻ കൈയ്യിലൊരു ചുറ്റിക ഫർഹാനയും കരുതിയിരുന്നു.
ഹോട്ടൽ മുറിയിൽ വെച്ച് കത്തിമുനയിൽ നിർത്തി സിദ്ധിഖും പ്രതികളും തമ്മിൽ തർക്കമുണ്ടായി. എന്നാൽ സിദ്ധിഖ് പ്രതിരോധിച്ചു. കൈയ്യാങ്കളിക്കിടെ സിദ്ധിഖ് താഴെ വീണപ്പോൾ ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിൽ ഇയാളുടെ തലയ്ക്ക് അടിച്ചു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞാഞ്ഞ് ചവിട്ടി. പിന്നീട് മൂന്ന് പേരും ചേർന്ന് സിദ്ധിഖിന്റെ ശരീരത്തിൽ മർദ്ദിച്ചുവെന്നും പൊലീസ് പറയുന്നു.
മെയ് 18 ന് തന്നെ മൃതേദേഹം കളയാൻ പ്രതികൾ ട്രോളി ബാഗ് വാങ്ങിയെങ്കിലും മൃതദേഹം ഇതിൽ ഒതുങ്ങിയില്ല. തുടർന്ന് മെയ് 19 ന് കോഴിക്കോട് നഗരത്തിൽ നിന്ന് ഇലക്ട്രിക് കട്ടറും രണ്ടാമതൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ വെച്ച് മൃതദേഹം വെട്ടി കഷണങ്ങളാക്കി ബാഗിലാക്കിയ ശേഷം അന്ന് രാത്രി അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.
മെയ് 22 ന് സിദ്ധിഖിന്റെ മകൻ പിതാവിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സിദ്ദീഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാനില്ലെന്ന് പൊലീസ് അറിഞ്ഞു. ഷിബിലിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇതിനിടയിൽ പ്രതികൾ കേരളം വിട്ടു. മദ്രാസിലേക്ക് പോയി അവിടെ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാൽ റെയിൽവെ സ്റ്റേഷനിൽ വെച്ച് പ്രതികൾ പിടിയിലാവുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam