കേന്ദ്ര സേന ചെങ്കോട്ടയിൽ; ട്രാക്ടറുകളും സമരക്കാരും തമ്പടിക്കുന്നു; പൗരന്മാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

By Web TeamFirst Published Jan 26, 2021, 8:10 PM IST
Highlights

ഇന്ത്യയിലെ അമേരിക്കൻ പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകി. സംഘർഷ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും പ്രതിഷേധങ്ങൾക്ക് സമീപത്തുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്

ദില്ലി: രാത്രി വൈകിയും ചെങ്കോട്ടയിലേക്ക് ട്രാക്ടറുകൾ വന്നുകൊണ്ടിരിക്കുന്നു. വൈകുന്നേരത്തോടെ അതിർത്തി കടന്ന സമരക്കാരാണ് ഇപ്പോൾ ചെങ്കോട്ടയിലേക്ക് വരുന്നത്. ഇവിടെ നിന്ന് സമരക്കാർ തിരികെ പോകുന്നുമുണ്ടെന്നും സ്ഥലത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പിആർ സുനിൽ റിപ്പോർട്ട് ചെയ്യുന്നു. സ്ഥലത്ത് കേന്ദ്രസേനയെ കൂടി രംഗത്തിറക്കി നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

ട്രാക്ടർ റാലിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർഷക പരേഡ് നിറുത്തിവെക്കുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ദില്ലിയിലുള്ളവർ സമരസ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനപരമായി സമരം തുടരും. ഭാവി നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സമരസമിതി വ്യക്തമാക്കി.

ഹരിയാനയിലെ പലയിടങ്ങളിലും ഇന്നത്തെ ദില്ലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇൻറർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. സോണിപത്ത്, ജാജ്ജർ, പൽവാൽ എന്നിവിടങ്ങളിലാണ് നാളെ വൈകിട്ട് അഞ്ച് മണി വരെ ഇൻറർനെറ്റ് താത്കാലികമായി വിച്ഛേദിച്ചത്. ദില്ലി നംഗ്ളോയിലെ സംഘർഷത്തിൽ മലയാളി മാധ്യമപ്രവർത്തകന് പരിക്കേറ്റു. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ അജീഷിനാണ് പരിക്കേറ്റത്. ക്യാമറ പൊലീസ് തകർത്തതായി ഇദ്ദേഹം പരാതിപ്പെട്ടു.

ഇന്ത്യയിലെ അമേരിക്കൻ പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകി. സംഘർഷ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും പ്രതിഷേധങ്ങൾക്ക് സമീപത്തുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടര മണിയോടെയാണ് വിവിധ അതിർത്തികളിൽ നിന്ന് കർഷകർ ട്രാക്ടറുമായി ദില്ലിയിലേക്ക് പ്രവേശിച്ചത്. 12 മണിക്കാണ് പൊലീസ് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നതെങ്കിലും ഇത് പ്രതിഷേധക്കാർ ലംഘിക്കുകയായിരുന്നു. ഇതിലൊരു വിഭാഗം ചെങ്കോട്ടയിലേക്കും ഒരു വിഭാഗം ഐടിഒയിലേക്കും എത്തി. അതേസമയം മറ്റൊരു വിഭാഗം സമാധാനപരമായി സമരം നടത്തി.

അരലക്ഷം പേർ അതിർത്തിയിലെത്തിയിരുന്നു. 20000ത്തോളം ട്രാക്ടറുകളും ഉണ്ടായിരുന്നു. ഇവയെല്ലാം ദില്ലിയിലേക്ക് പ്രവേശിക്കേണ്ടതിനാൽ സമയം നേരത്തെയാക്കി നൽകണമെന്ന് ദില്ലി പൊലീസിനോട് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് അനുവാദം നൽകിയില്ല. രാവിലെ 11 മണിയോടെ ബാരിക്കേഡുകൾ നീക്കാമെന്ന പൊലീസ് നിലപാട് ലംഘിച്ചാണ് രാവിലെ എട്ടരയോടെ സമരക്കാർ രംഗത്തിറങ്ങിയത്.

ഐടിഒയിൽ ഉണ്ടായിരുന്നവർ പിരിഞ്ഞുപോയി. ചെങ്കോട്ടയിലുള്ളവർ എത്ര സമയം അവിടെ തുടരുമെന്ന് വ്യക്തമല്ല. സംയുക്ത സമിതി ട്രാക്ടർ റാലി അടിയന്തിരമായി നിർത്തിവെച്ചതായി അറിയിച്ചു. സമരത്തിൽ പങ്കെടുത്ത എല്ലാവരും സമരം അവസാനിപ്പിച്ച് സിംഘുവിലും തിക്രിയിലും ഗാസിപ്പൂരിലേക്കും വരണമെന്നാണ് സംയുക്ത സമര സമിതി നൽകുന്ന നിർദ്ദേശം.

click me!