വരുമാന സ‌ർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലെത്തി, ലഭിച്ചത് മറ്റൊരു ദൗത്യം; പൂന്തോട്ടമൊരുക്കി സന്തോഷ്

Published : Sep 10, 2024, 07:13 AM IST
വരുമാന സ‌ർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലെത്തി, ലഭിച്ചത് മറ്റൊരു ദൗത്യം; പൂന്തോട്ടമൊരുക്കി സന്തോഷ്

Synopsis

സന്തോഷ് എന്നയാളുടെ ഒറ്റയാൾ പരിശ്രമത്തിന്‍റെ ഫലമാണ് തൃശ്ശൂർ എറവ് പരയ്ക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന് മുന്നിലെ പൂന്തോട്ടം

തൃശൂര്‍: വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജ് ഓഫീസിലെത്തിയ ആൾ അതേ ഓഫീസിന് ചുറ്റും പൂക്കൾ വിരിയിച്ച് മനോഹരമാക്കി. തൃശ്ശൂർ എറവ് പരയ്ക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിലാണ് മനം നിറയ്ക്കുന്ന ചെണ്ടുമല്ലിത്തോട്ടമുള്ളത്. പൂക്കളുടെ വിളവെടുപ്പ് ഉത്സവം ആഘോഷമാക്കുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസ്. വരുമാന സർട്ടിഫിക്കറ്റ് വാങ്ങാനായിട്ടാണ് അരിമ്പൂർ സ്വദേശി സന്തോഷ് എറവ് പരയ്ക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിലെത്തുന്നത്.

45 സെന്‍റ് സ്ഥലത്തുള്ള വില്ലേജ് ഓഫീസിന് ചുറ്റുവട്ടത്ത് എന്തെങ്കിലും ഉപയോഗപ്രദമായ രീതിയിൽ ചെയ്യണമെന്ന് വില്ലേജ് ഓഫീസറായ ഹരീഷ് ബാബു ആഗ്രഹിച്ചിരിക്കുന്ന സമയം. ഇക്കാര്യം സന്തോഷിനോട് സംസാരിക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്യാനാകുമോയെന്ന ചോദ്യം കൃഷിക്കാരനായ സന്തോഷ് കേട്ടതോടെ പിന്നെ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.

വില്ലേജ് ഓഫീസിന് ചുറ്റും പൂക്കളുടെ വർണ്ണവസന്തം ഒരുക്കാൻ സന്തോഷ് താൽപ്പര്യം പ്രകടിപ്പിച്ചു. പൂന്തോട്ടമൊരുക്കാൻ വില്ലേജ് ഓഫീസറും താല്‍പര്യം പ്രകടിപ്പിച്ചതോടെ പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പിന്നീടങ്ങോട്ട് പുല്ല് മൂടി കിടന്നിരുന്ന പ്രദേശം വെട്ടിത്തെളിച്ചു. തൂമ്പ കൊണ്ട് മണ്ണിനെ ക്രമത്തിൽ വരമ്പുകളാക്കി തിരിച്ചു. വില്ലേജ് ഓഫീസർ തന്നെ നടാനായി ചെണ്ടുമല്ലി തൈകൾ എത്തിച്ചു നൽകി. സന്തോഷ് തന്നെയായിരുന്നു എല്ലാം ചെയ്തത്.  തുടർന്ന് ദിവസവും വില്ലേജ് ഓഫീസ് പരിസരത്തെത്തി സന്തോഷിന്‍റെ ഒറ്റയാൾ പരിശ്രമമായിരുന്നു.

ആയിരം തൈകൾ ക്രമത്തിൽ നട്ടു. പ്രത്യേകം തടമെടുത്ത് വളം വച്ചു. മൂന്ന് മാസത്തിനുള്ളിൽ വില്ലേജ് ഓഫീസ് പരിസരം ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാൽ നിറഞ്ഞു. സന്തോഷ് എന്നയാളുടെ ഒറ്റയാൾ പരിശ്രമത്തിന്‍റെ ഫലമാണ് വില്ലേജ് ഓഫിന് ചുറ്റും വിരിഞ്ഞ ഈ ചെണ്ടുമല്ലിത്തോട്ടം. ഓണത്തോടനുബന്ധിച്ച് അതിന്‍റെ വി‌ളവെടുപ്പും വില്ലേജ് ഓഫീസ് ജീവനക്കാർ ആഘോഷമാക്കി. തഹസിൽദാരും സംഘവും ചേർന്നാണ് വിളവെടുപ്പ് നടത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്കേർപ്പെടുത്തി; പിഴ ചുമത്തുമെന്ന് ബോർഡ്, ഒടുവിൽ പിൻവാങ്ങി

 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി