
ദില്ലി: കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിൽ കർഷകസംഘടനകളുടെ പാർലമെൻറ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി.
അതിനിടെ കർഷക പ്രതിഷേധത്തിനിടെ ദേശീയ പതാകയെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേന്ദ്ര സർക്കാർ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ജാവദേക്കർ പ്രതികരിച്ചു.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട് സംഘടനകള്‍ പിന്മാറി. സമരത്തിന്‍റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്‍റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്നത് തെമ്മാടിത്തമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു.
എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോർച്ച ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam